AI Image
സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍ ആദ്യ ചുവടുവെച്ച് മോട്ടോര്‍ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് ഗതാഗത കമ്മിഷണറുടെ റിപ്പോര്‍ട്ട്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങള്‍ക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗത കമ്മീഷണര്‍ തയാറാക്കിയ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് അന്തിമതീരുമാനമെടുക്കും.
തിരഞ്ഞെടുപ്പ് കാലത്ത് ജെന്‍സികളുടെയും പൂക്കികളുടെയും വാഹനപ്രേമികളുടെയുമൊക്കെ ഇടയില്‍ വൈറലായിരുന്നു വി.ഡി.സതീശന്‍റെ മോഡിഫിക്കേഷനെ അനുകൂലിച്ചുള്ള പ്രഖ്യാപനം. മുഖ്യമന്ത്രി കസേരയിലെത്തിയതിന് പിന്നാലെ ഈ പ്രഖ്യാപനം എപ്പോള്‍ നടക്കുമെന്ന ചോദ്യം വന്നപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ പൂക്കി ചിരി പിറന്നതും.
എന്തായാലും ആ കാത്തിരിപ്പിന് താല്‍കാലിക പരിഹാരമാവുകയാണ്. ഏതൊക്കെ മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പഠിച്ച് പട്ടിക തയാറാക്കി. 18 തരത്തിലുള്ള മോഡിഫിക്കേഷന്‍സ് യാതൊരു നിയമതടസവുമില്ലാതെ, ആരുടെയും അനുമതി വാങ്ങാതെ നടത്താമെന്നാണ് ആ റിപ്പോര്‍ട്ടിലുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വാഹനങ്ങളിലെ ബോഡി സ്റ്റിക്കേഴ്സാണ്. ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളുമൊക്കെ അനുവദിക്കും. പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാന്യമായതായിരിക്കണമെന്ന് മാത്രം. അതുകൂടാതെ വാഹനത്തിനുള്ളില്‍ രസകരമായ, പല നിറത്തിലുള്ള ലൈറ്റുകളും അനുവദിക്കും. മറ്റൊന്ന് സ്പീക്കറുകളാണ്. പാട്ടൊക്കെയായി അടിച്ചുപൊളിച്ച് പോകാന്‍ കൂടുതല്‍ സ്പീക്കറുകളും അനുവദിക്കാമെന്നാണ് റിപ്പോര്‍ട്ട്.
ഇതുകൂടാതെ അനുവദിക്കാവുന്നവയുടെ പട്ടികയിലുള്ളത് സീറ്റ് കവര്‍, ഫ്ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജി.പി.എസ് ട്രാക്കര്‍, റൂഫ് കാരിയേഴ്സ് തുടങ്ങി സണ്‍ ഫിലീംസ് വരെയാണ്. 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിംസാണ് അനുവദിക്കുന്നത്.
ഇത്രയും വാഹന ഉടമകള്‍ക്ക് തന്നെ ചെയ്യാം. ഇതുകൂടാതെ നമ്മുടെ കാറോ ബൈക്കോ ഒക്കെ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. അതിന് പക്ഷെ ആര്‍.ടി.ഒ ഓഫിസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആര്‍.സി ബുക്കില്‍ ഉള്‍പ്പെടുത്തി വേണം മാറ്റാന്‍. അതുപോലെ എന്‍ജിന്‍ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സി.എന്‍.ജിയിലേക്കൊ ഒക്കെ മാറാനും ഇതുപോലെ അനുവാദം വാങ്ങിയാല്‍ സാധിക്കും.
മോഡിഫിക്കേഷന് വേണ്ടി കാത്തിരിക്കുന്നവര്‍ ഈ പട്ടികകൊണ്ട് തൃപ്തരാകുമോ എന്ന് സംശയമാണ്. കാരണം ഇതിലുള്ളത് ഭൂരിഭാഗവും ഇപ്പോള്‍ തന്നെ അനുവാദമുള്ളതാണ്. ഇതിന് അപ്പുറത്തേക്കുള്ള മോഡിഫിക്കേഷന്‍ അനുവദിക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ബുദ്ധിമുട്ടാണെന്ന് ഗതാഗത കമ്മീഷണറും ഉറപ്പിച്ച് പറയുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും എന്ത് തീരുമാനമെടുക്കുന്നൂവെന്നതാണ് ഇനി അറിയേണ്ടത്.