വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് കെ.കെ.ശൈലജ. ഞാന്‍ സ്വാഗതം ചെയ്തില്ലെങ്കിലും അന്വേഷിക്കും. അവിടെ സ്ഥാനാര്‍ഥി ആയെന്നേയുള്ളൂ. സ്ക്രീന്‍ ഷോട്ട് വര്‍ഗീയ ധ്രുവീകരണത്തിന് കാരണമായിട്ടില്ലെന്നും കെ.കെ.ശൈലജ  തിരുവനന്തപുരത്ത് പറഞ്ഞു 

 

അതേസമയം, കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് ഡി.ജി.പി ഉത്തരവിറക്കി. കോഴിക്കോട് റൂറല്‍ എസ്.പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി T.മനോഹരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വടകര എസ്.എച്ച്.ഒ ഉള്‍പ്പടെ ഏഴ് പേരും സംഘത്തിലുണ്ട്. പാറയ്ക്കല്‍ അബ്ദുള്ള എം.എല്‍.എ നല്‍കിയ പരാതി പരിഗണിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നടപടി.

 

2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലും കെ.കെ.ശൈലജയും തമ്മിലുള്ള മല്‍സരത്തിനിടെയാണ് കാഫിര്‍ സ്ക്രീന്‍ ഷോട് വിവാദമുണ്ടാകുന്നത്. പിന്നീട് രണ്ട് കേസെടുത്തെങ്കിലും ഇതുവരെ സ്ക്രീന്‍ ഷോട്ടിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. തെളിവില്ലാത്തതിനാല്‍ അവസാനിപ്പിക്കാമെന്ന നിലപാടിലായിരുന്നു പൊലീസ്. പുതിയ സംഘം രൂപീകരിച്ചതോടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് വീണ്ടും തുടങ്ങുന്നത്. 

 

വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിലെ യഥാർഥ പ്രതികൾ എസ്.ഐ.ടി അന്വേഷണത്തിലൂടെ പുറത്ത് വരുമെന്ന് പാറക്കൽ അബ്‌ദുള്ള എംഎൽഎ. സി.പി.എമ്മിന്റെ പങ്ക് തെളിയും. വടകര ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നെറികെട്ട രാഷ്ട്രീയം കളിച്ചെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ENGLISH SUMMARY:

K.K. Shailaja has said that the investigation into the controversial Kafir screenshot case should continue and identify those responsible. The Kerala Police have constituted a Special Investigation Team (SIT) to probe the case, which emerged during the 2024 Vadakara Lok Sabha election. The renewed investigation aims to trace the origin of the screenshot after earlier efforts failed to identify its source.