AI Image
കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയില്‍ KL07 DG 0007 എന്ന റജിസ്ട്രേഷന്‍ നമ്പര്‍ ടെക് വ്യവസായി വേണു ബാലകൃഷ്ണന്‍ 45.99 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത് കണ്ട് ഞെട്ടി നിന്നവരാണ് നമ്മളില്‍ പലരും. മോട്ടോര്‍ വാഹനവകുപ്പ് 25000 രൂപ അടിസ്ഥാനവിലയിട്ട ഫാന്‍സി നമ്പറാണ് ലേലത്തില്‍ അരക്കോടി രൂപയ്ക്കടുത്ത് നേടിയത്. പുതിയ ലംബോര്‍ഗിനിക്കുവേണ്ടിയാണ് വേണു ബാലകൃഷ്ണന്‍ ജെയിംസ് ബോണ്ടിന്‍റെ നമ്പറായ 007 തേടിപ്പിടിച്ചത്. പക്ഷേ വേണുവിനെപ്പോലും ഞെട്ടിച്ചേക്കും ഹരിയാനയില്‍ കഴിഞ്ഞദിവസം നടന്ന ഫാന്‍സി നമ്പര്‍ ലേലം.
ഹരിയാന മോട്ടോര്‍ വാഹനവകുപ്പ് ആഴ്ചതോറും ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്യാറുണ്ട്. നല്ല തുകയ്ക്ക് പലരും ഇഷ്ടനമ്പറുകള്‍ സ്വന്തമാക്കാറുമുണ്ട്. എന്നാല്‍ ഈയാഴ്ച നടന്ന ലേലം എല്ലാവരെയും ഞെട്ടിച്ചു. HR88 B 8888. ഈമാസം 21നാണ് ഈ നമ്പറിനുവേണ്ടി ഹരിയാന എംവിഡി ബിഡുകള്‍ സ്വീകരിച്ച് തുടങ്ങിയത്. 26ന് വൈകിട്ട് 5 മണി വരെയായിരുന്നു സമയം. 50,000 രൂപയായിരുന്നു അടിസ്ഥാനവില. ലേലത്തില്‍ പങ്കെടുക്കാന്‍ 11,000 രൂപ കെട്ടിവയ്ക്കണം.
സാധാരണ 10–12 പേര്‍ ലേലത്തില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ HR88 B 8888 ന്‍റെ ലേലം തുടക്കം മുതല്‍ അസാധാരണമായിരുന്നു. 45 പേര്‍ ഈ നമ്പറിനുവേണ്ടി രംഗത്തെത്തി. മല്‍സരം പോലെയായി. വേണു ബാലകൃഷ്ണന്‍റെ റെക്കോര്‍ഡൊക്കെ ബുധനാഴ്ച രാവിലെ തന്നെ കടപുഴകി. ഉച്ചയ്ക്ക് 88 ലക്ഷം രൂപയായിരുന്നു ഏറ്റവും ഉയര്‍ന്ന ബിഡ്. പിന്നെയാണ് ശരിക്കുള്ള മല്‍സരലേലം തുടങ്ങിയത്.
AI Generated Image
ലേലത്തില്‍ 1000 രൂപയുടെ പലമടങ്ങുകളായേ ബിഡ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. വൈകിട്ട് 4.34 ആയപ്പോള്‍ തുക ഒരുകോടി പിന്നിട്ടു. നാലുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരാള്‍ 1000 രൂപ കൂട്ടിവച്ചു. ഇതോടെ കടുത്ത മല്‍സരമായി. ലേലം അവസാനിക്കാന്‍ 10 മിനിറ്റ് മാത്രമുള്ളപ്പോള്‍ 10 ലക്ഷം രൂപയാണ് വര്‍ധിച്ചത്. 5 മണിക്ക് ലേലം ക്ലോസ് ചെയ്തപ്പോള്‍ എംവിഡി ഞെട്ടി. 1.17 കോടി രൂപ!
ഹരിയാനയിലെ ഹിസ്സാറിലുള്ള വ്യവസായി സുധീര്‍ കുമാറാണ് ഈ തുകയ്ക്ക് ഫാന്‍സി നമ്പര്‍ നേടിയത്. പ്രത്യേകിച്ച് തുകയൊന്നും മനസില്‍ കരുതിയിരുന്നില്ലെന്ന് മുപ്പതുകാരനായ സുധീര്‍ പിടിഐയോട് പറഞ്ഞു. ചരിത്രം കുറിച്ചതിന്‍റെ അഹങ്കാരമൊന്നും കക്ഷിക്കില്ലെന്ന് തോന്നും പ്രതികരണം കേട്ടാല്‍.
എന്തുകൊണ്ട് HR88 B 8888?
8 എന്ന സംഖ്യയ്ക്ക് ന്യൂമറോളജിയില്‍ വലിയ പ്രാധാന്യമുണ്ടെന്നാണ് സുധീര്‍ കുമാര്‍ പറയുന്നത്. അധികാരം, സമ്പത്ത്, അഭിവൃദ്ധി ഇതിന്‍റെയൊക്കെ പ്രതീകമാണ് 8. എട്ടുണ്ടെങ്കില്‍ എട്ടുനിലയില്‍ പൊട്ടില്ലെന്ന് സാരം. നമ്പറിലെ HR എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഹരിയാന തന്നെയാണ്. 88 സോനിപത്ത് ജില്ലയിലെ കുണ്ട്‍ലി ആര്‍.ടി.ഓഫിസിന്‍റെ നമ്പര്‍. B വെഹിക്കിള്‍ സീരീസ്. 8888 കാറിന്‍റെ യുണീക് ഐഡി.
ഇനിയെന്ത്?
ലേലത്തില്‍ ഉറപ്പുനല്‍കിയ തുക 5 ദിവസത്തിനകം മുഴുവനായി അടയ്ക്കണം. ഇല്ലെങ്കില്‍ ലേലം റദ്ദാക്കി ഡെപ്പസിറ്റ് തുക എംവിഡി പിടിക്കും. അടുത്ത ലേലത്തില്‍ ഈ നമ്പര്‍ വീണ്ടും വയ്ക്കും. ലേലം നടക്കുന്ന സമയത്ത് വാഹനം ഇല്ലെങ്കില്‍പ്പോലും നമ്പര്‍ നേടാം. എന്നാല്‍ ലേലമുറപ്പിച്ചുകഴിഞ്ഞാല്‍ 90 ദിവസത്തിനകം വാഹനം റജിസ്റ്റര്‍ ചെയ്യണം. ഇല്ലെങ്കില്‍ അടച്ച പണം തിരിച്ചുകിട്ടില്ല.
Google trending Topic: 1.17 crore number plate