ടെസ്‍ലയുടെ മോഡല്‍ വൈ കാര്‍ മുംബൈയില്‍
‘അതിമോഹമാണ് മോനേ ദിനേശാ...’ ടെസ്‍ല ഇന്ത്യയിലെത്തിയെന്ന വാര്‍ത്ത കണ്ട് മോഹിച്ചിരുന്ന സാധാരണക്കാരായ കാര്‍പ്രേമികള്‍ കമ്പനി ലോഞ്ചിങ് മോഡലുകളുടെ വില പ്രഖ്യാപിച്ചതുകേട്ട് ഈ സിനിമാ ഡയലോഗ് ഓര്‍ത്തിരിക്കണം. ഇന്ത്യയില്‍ ടെസ്‍ല വില്‍ക്കാന്‍ പോകുന്ന മോഡല്‍ വൈ എസ്.യു.വിയുടെ ഏറ്റവും കുറഞ്ഞ വില 60 ലക്ഷം രൂപയ്ക്കടുത്താണ്. 500 കിലോമീറ്റര്‍ റേഞ്ചുള്ള മോഡലാണ് ഇത്. മോഡല്‍ വൈയുടെ ലോങ് റേഞ്ച് മോഡല്‍ കൂടി ടെസ്‌ല ഇന്ത്യയില്‍ ഇറക്കുന്നുണ്ട്. ഒറ്റ ചാര്‍ജില്‍ 622 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന ഈ കാറിന് 70 ലക്ഷം രൂപയാണ് വില. ഓണ്‍ റോഡ് പ്രൈസ് ഇനിയും ഉയരും.
മുംബൈയിലെ ടെസ്‍ല ഷോറൂം; സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരെയും കാണാം
ഭാവിയില്‍ തനിയേ ഓടുന്ന (സെല്‍ഫ് ഡ്രൈവിങ്) രീതിയിലേക്ക് മാറ്റാന്‍ കഴിയുന്ന വാഹനങ്ങളാണ് ടെസ്‍ല ഇന്ത്യയില്‍ എത്തിക്കുന്നത്. ഈ അപ്‍ഗ്രേഡിന് 6 ലക്ഷം രൂപ അധികം നല്‍കേണ്ടിവരും. നിയമപരമായ അനുവാദം ലഭിച്ചാല്‍ മാത്രമേ സെല്‍ഫ് ഡ്രൈവിങ് കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയൂ. ഇപ്പോള്‍ മുംബൈയില്‍ മാത്രമാണ് ടെസ്‍ല ഷോറൂം ആരംഭിക്കുന്നത്. മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ടെസ്‍ല മോഡലുകള്‍ റജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഡെലിവറി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.
ടെസ്‍ലയുടെ മോഡല്‍ വൈ കാര്‍ ലണ്ടനിലെ എക്സിബിഷനില്‍
അമേരിക്കയില്‍ വില്‍ക്കുന്നതിന്‍റെ ഇരട്ടിവിലയാണ് ടെസ്‌ല കാറുകള്‍ക്ക് ഇന്ത്യയിലുള്ളത്. അമേരിക്കയില്‍ മോഡല്‍ വൈ എസ്.യു.വിക്ക് 38000 ഡോളര്‍ (33 ലക്ഷം രൂപ) ആണ് വില. ഇന്ത്യയില്‍ 70 ലക്ഷവും. വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി നികുതി വളരെ ഉയര്‍ന്നതായതിനാലാണ് ഇന്ത്യയിലെ വില്‍പ്പനവിലയും കൂടുന്നത്. ടെസ്‍ലയ്ക്ക് ഉടന്‍ ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കാന്‍ പദ്ധതിയില്ലെന്നാണ് വിവരം.
മുംബൈയിലെ ടെസ്‍ല ഷോറൂമിന്‍റെ പുറത്തുനിന്നുള്ള ദൃശ്യം