range-rover-benz

ഡല്‍ഹിയില്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ധനം ലഭ്യമാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ജനങ്ങള്‍ രംഗത്ത്. ജൂലൈ ഒന്നുമുതല്‍ തീരുമാനം നടപ്പിലായതോടെ റോഞ്ച് റോവര്‍, ബെന്‍സടക്കം പ്രീമിയം കാറുകള്‍ കിട്ടിയ വിലയ്ക്ക് വില്‍ക്കേണ്ട ഗതികേടിലാണ് ആളുകള്‍. ഇത് ചൂണ്ടിക്കാട്ടിയുള്ള ചില കുറിപ്പുകളും വാഹനത്തിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ്.

16 വര്‍ഷം പഴക്കമുണ്ടെങ്കിലും നല്ലരീതിയില്‍ പരിപാലിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ തൂക്കിവില്‍ക്കേണ്ട ഗതികേടിലാണ് താന്‍. തന്‍റെ അച്ഛന്‍റെ ഈ കാര്‍ ഇങ്ങനെ ഒന്നുമല്ലാതാകുന്നത് കാണുമ്പോള്‍ വളരെയധികം വിഷമമുണ്ട് എന്ന് പറഞ്ഞ് ശിവരത്തന്‍ എന്ന യുവാവ് എക്സില്‍ പങ്കുവച്ച പോസ്റ്റ് വലിയ ചര്‍ച്ചയാണ്. ഈ കാര്‍ വായു മലിനീകരണമുണ്ടാക്കുന്നു എന്ന് സര്‍ക്കാരിന് തെളിയിക്കാനാകുമോ എന്ന് യുവാവ് വെല്ലുവിളിക്കുന്നുമുണ്ട്.

ശിവരത്തന്‍ എക്സില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ്; 

‘ഇത് എന്‍റെ അച്ഛന്‍റെ 16 വർഷം പഴക്കമുള്ള ഇ280 വി6 വേരിയന്‍റ്  മെഴ്‌സിഡസ് കാറാണ്. റോഡിൽ പണിമുടക്കി കിടക്കുന്ന ചില ‘ആധുനിക കാറു’കളേക്കാള്‍ ഭേദം. റോഡില്‍ ഇപ്പോഴും നന്നായി ഓടുന്ന വണ്ടിയാണ്. എല്ലാ ബട്ടണുകളും കൃത്യമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. എൻജിനാകട്ടെ, പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇപ്പോഴും വെറും 6-7 സെക്കൻഡ് മതി. 

പക്ഷേ ദുഃഖകരമെന്നു പറയട്ടെ, കാറുകളോട് ഒട്ടും സ്നേഹമില്ലാത്ത രാഷ്ട്രീയക്കാരുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കാര്‍ ഒരു 'വിന്‍റേജ് സ്ക്രാപ്പ്' ആയി മുദ്രകുത്തപ്പെടുകയാണ്. ഈ വാഹനം മലിനീകരണം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിന് തെളിയിക്കാനാകുമോ? അവർക്കതിന് കഴിയില്ല എങ്കിലും അവർ ഈ കാറിന് പിഴ ഈടാക്കും.

എട്ട് വര്‍ഷം മാത്രം പഴക്കമുള്ള, നന്നായി ഓടുന്ന റേഞ്ച് റോവര്‍ കാര്‍ കിട്ടിയ വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നതിലെ ദുഃഖം പങ്കുവച്ച് റിതേഷ് എന്ന മറ്റൊരു യുവാവും രംഗത്തെത്തിയിരുന്നു. ‘74,000 കിലോമീറ്റര്‍ മാത്രമോടിയ കാറാണിത്. കോവിഡ് കാരണം രണ്ടുവര്‍ഷത്തോളം കാര്‍ ഷെഡില്‍ തന്നെ കിടന്നു. രണ്ടുലക്ഷം കിലോമീറ്ററോളം ഇനിയും ഓടിക്കാവുന്നതാണ്. പക്ഷേ സര്‍ക്കാരിനോട് നന്ദിയുണ്ട്, 10 വര്‍ഷം പഴക്കമുള്ള കാറുകള്‍ നിരോധിച്ചതിന്. ആക്രിവിലയ്ക്കാണ് ഈ കാര്‍ ചോദിച്ച് ആളുകളെത്തുന്നത്. 45 ശതമാനം ജി.എസ്.ടിയും സെസ്സുമെല്ലാമടച്ച് എടുത്ത വാഹനത്തിനാണ് ഈ ഗതിയെന്നോര്‍ക്കണം’ എന്നായിരുന്നു വാഹനത്തിന്‍റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് റിതേഷം കുറിച്ചത്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്. ഇതിനായി പെട്രോള്‍ പമ്പുകളില്‍ കയറുന്നിടത്തു തന്നെ രണ്ട് എ.ഐ. ക്യാമറകള്‍ കാണും. ഇവ നമ്പര്‍പ്ലേറ്റ് നോക്കി വാഹനത്തിന്‍റെ പഴക്കം കണ്ടെത്തും. 15 വര്‍ഷം കഴിഞ്ഞ പെട്രോള്‍ വാഹനമോ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനമോ ആണെങ്കില്‍ പമ്പിലുള്ള ലൗഡ് സ്പീക്കറിലൂടെ വോയ്സ് മെസേജ് ആയി അക്കാര്യം പുറത്തുവരും. ഇന്ധനം കിട്ടില്ല എന്നുമാത്രമല്ല, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് വാഹനം സ്ക്രാപ്പിങ് സെന്‍ററിലേക്ക് കൊണ്ടുപോവുകയോ പിഴയീടാക്കുകയോ ചെയ്യും. ഏതു സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും നിയമം ബാധകമാണ്. 

ENGLISH SUMMARY:

People have come forward expressing dissatisfaction over the government’s decision in Delhi to stop providing fuel for petrol vehicles older than 15 years and diesel vehicles older than 10 years. With the decision coming into effect from July 1, owners of premium cars like Range Rover and Benz are now forced to sell their vehicles for whatever price they can get. Notes highlighting this issue and photos of such vehicles are going viral on social media.