പിന്നിലുള്ളവര്‍ കുതിച്ചോടി പുഞ്ചിരിക്കുമ്പോള്‍ മുന്‍നിരക്കാര്‍ വിയര്‍ക്കുന്ന കാഴ്ചയാണ് 2025 പാതി പിന്നിടുമ്പോള്‍  ഇന്ത്യന്‍ വാഹനവിപണിയില്‍ നിന്ന് വരുന്നത്. 2025 ജൂണിലെ വില്‍പന പരിശോധിക്കമ്പോള്‍  ഒന്നാം സ്ഥാനക്കാരനായ മാരുതി സുസുക്കിയും രണ്ടാം സ്ഥാനക്കാരായ  ഹ്യുണ്ടായിക്കും വിൽപ്പനയിൽ ഇടിവ് നേരിട്ടു, ഒപ്പം ടാറ്റ, ബജാജ് ഓട്ടോ എന്നിവരും ഈ കൂട്ടത്തില്‍ പെടുന്നു. മഹീന്ദ്ര, ടൊയോട്ട, കിയ, എംജി മോട്ടോർ എന്നിവയ്ക്ക് ഗണ്യമായ വളർച്ച നേടാനും സാധിച്ചു. 

വിൽപ്പനയിൽ ഇടിവ് നേരിട്ടവർ:

മാരുതി സുസുക്കി: ആഭ്യന്തര യാത്രാ വാഹന വിൽപ്പനയിൽ 13% ഇടിവ് നേരിട്ടു. കഴിഞ്ഞ വർഷം ജൂണില്‍ 1,37,160 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍  ഈ വര്‍ഷം അത്  1,18,906 യൂണിറ്റുകളായി കുറഞ്ഞു. എൻട്രി-ലെവൽ കാറുകളായ ആൾട്ടോ, എസ്-പ്രസ്സോ എന്നിവയുടെ വിൽപ്പന 9,395-ൽ നിന്ന് 6,414 ആയി കുത്തനെ ഇടിഞ്ഞു. കോംപാക്ട് മോഡലുകളുകള്‍ക്കും എസ്‌യുവികൾ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും വിൽപ്പനയിലും കുറവുണ്ടായി .

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ: ആഭ്യന്തര വിൽപ്പനയിൽ 12% ഇടിവാണ് ഹ്യുണ്ടായ്‌ക്ക് ഉണ്ടായത് .കഴിഞ്ഞ വര്‍ഷം 50,103 യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനി ഈ വര്‍ഷം വിറ്റഴിച്ചത്  44,024 യൂണിറ്റുകളാണ്.

ടാറ്റ മോട്ടോഴ്സ്: ഇവികൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹന വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15% ഇടിവ് രേഖപ്പെടുത്തി, 43,524 യൂണിറ്റുകളിൽ നിന്ന് 37,083 യൂണിറ്റുകളായി കുറഞ്ഞു.

ബജാജ് ഓട്ടോ: ഇരുചക്ര വാഹനങ്ങളുടേയും വാണിജ്യ വാഹനങ്ങളുടേയും ആഭ്യന്തര വിൽപ്പനയിൽ 13% ഇടിവാണ് ഇവര്‍ നേരിട്ടത്. 

വിൽപ്പനയിൽ വളർച്ച നേടിയവർ:

മഹീന്ദ്ര & മഹീന്ദ്ര: യൂട്ടിലിറ്റി വാഹന വിൽപ്പനയിൽ 18% വർദ്ധനവ് രേഖപ്പെടുത്തി 47,306 യൂണിറ്റിലെത്തി. എക്കാലത്തെയും മികച്ച എസ്‌യുവി വിൽപ്പന ജൂണില്‍ മഹീന്ദ്രക്ക് ഉണ്ടായത്. അതില്‍ മഹീന്ദ്രയുടെ പുത്തന്‍ ഇവി എസ്‌യു‌വികളായ ബി സിക്സിനും, എക്‌സിവി നയന്‍ ഇവിക്കുമുള്ള പങ്ക് വളരെ വലുതാണ്. മെച്ചപ്പെട്ട രീതിയില്‍ 3XOയും വിപണിയില്‍ ശ്രദ്ധേയമായി.

ടൊയോട്ട കിർലോസ്കർ മോട്ടോർ: മൊത്തം ആഭ്യന്തര വിൽപ്പനയിൽ 5% വർദ്ധനവ് രേഖപ്പെടുത്തി 28,869 യൂണിറ്റായി. എസ്‌യുവിയുടെയും എം‌പി‌വിയുടെയും ഉയർന്ന ഡിമാൻഡാണ് ഇതിന് കാരണമായത്. അതില്‍ത്തന്നെ ഹൈബ്രിഡ്  വാഹനമായ ഹൈറൈഡറിനുള്ള പങ്ക് വളരെ വലുതാണ്

കിയ മോട്ടോഴ്‌സ്: 2024 ജൂണിനെ അപേക്ഷിച്ച് കിയ 12.7% വളര്‍ച്ച രേഖപ്പെടുത്തി 126,137 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം വിറ്റിരുന്ന സ്ഥാനത്ത്142,139 വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്

ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ: എംജി 21% വാർഷിക വളർച്ച രേഖപ്പെടുത്തി 5,829 യൂണിറ്റുകൾ വിറ്റഴിച്ചു. ഇലക്ട്രിക് വാഹനങ്ങളായ വിൻഡ്‌സറിന്റെ വർദ്ധിച്ച ഡിമാൻഡിനൊപ്പം ചെറിയ ഇവി കോമറ്റിന്‍റെ വില്‍പനയിലെ വര്‍ദ്ധനവും ഇതിന് പിന്നിലുണ്ട്. ഐസ് മോഡലിനേക്കാള്‍ ഇവിയാണ് വില്‍പനയില്‍ മുന്നില്‍

ചെറിയ കാറുകളിൽ നിന്ന് ഉപഭോക്താക്കൾ എസ്‌യുവികളിലേക്കും വലിയ വാഹനങ്ങളിലേക്കും മാറുന്നത് ഇന്ന് സര്‍വ സാധാരണമാണ്.  മഹീന്ദ്ര, ടൊയോട്ട, എംജി  എന്നിവയുടെ എസ്‌യുവി വിൽപ്പനയിലെ വളർച്ചതന്നെ ഇതിന് തെളിവാണ് . മികച്ച റോഡ് സാന്നിധ്യം, സുരക്ഷാ സവിശേഷതകൾ, സ്റ്റൈൽ എന്നിവയും  എസ്‌യുവികൾക്ക് ഉയർന്ന ഡിമാൻഡ് നല്‍കുന്നു.

റോയൽ എൻഫീൽഡ്: ആഭ്യന്തര വിൽപ്പനയിൽ 16% വർദ്ധനവ് നേടി 76,957 വിറ്റഴിച്ചു. ഹിമാലയൻ 450 പോലുള്ള മോഡലുകളുകള്‍ക്കുള്ള ഡിമാന്‍ഡ് ആണ് കാരണം.

ടിവിഎസ് മോട്ടോർ കമ്പനി ഇരുചക്ര വാഹന വിൽപ്പനയിൽ 10% വളർച്ച രേഖപ്പെടുത്തി 2,81,012 യൂണിറ്റിലെത്തി.ജൂപ്പിറ്ററും iQube പോലുള്ള ഇവികളും ഇതിന് സഹായകമായി.

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (HMSI) മൊത്തം 4,29,147 യൂണിറ്റുകൾ വിറ്റഴിച്ച് 14% വാർഷിക വളർച്ച നേടി. ആഭ്യന്തര, കയറ്റുമതി വിപണികളിൽ മികച്ച പ്രകടനമാണ് ഹോണ്ട കാഴ്‌ച്ചവച്ചത്. 

വരുമാനവര്‍ദ്ധനവിലെ കുറവും പണപ്പെരുപ്പവും കാരണം മധ്യവര്‍ഗങ്ങള്‍ക്ക് പുതിയ കാറുകൾ വാങ്ങാൻ കഴിയാതെ വരുന്നു. അതുമൂലം പലരും യൂസ്‌ഡ് കാറുകളിലേക്കോ അല്ലെങ്കിൽ ഇരുചക്രവാഹനങ്ങളിലേക്കോ തിരിയുന്നു. ഇത് വില്‍പ്പനയെ സാരമായി ബാധിക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നു

ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ച

എംജി, ടിവിഎസ്, ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ എന്നിവ ഇവി വിഭാഗത്തിൽ വളർച്ച നേടി. പുതിയ ഇവി മോഡലുകൾ വിപണിയിൽ എത്തുന്നതും ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ച് വരുന്നതും ഇതിന് കാരണമാണ്. ടാറ്റ മോട്ടോഴ്‌സിന് മൊത്തം വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും, ഇവി വിഭാഗത്തിൽ  മുന്നേറ്റമുണ്ട്.

ENGLISH SUMMARY:

The Indian auto market in June 2025 displayed a mixed bag of fortunes: while major players like Maruti Suzuki, Hyundai, Tata Motors, and Bajaj Auto saw sales decline, primarily in smaller car segments, others like Mahindra, Toyota, Kia, MG Motor, Royal Enfield, TVS, and Honda celebrated significant growth. This shift highlights a strong consumer preference for SUVs and larger vehicles due to perceived benefits in road presence and safety, alongside a notable surge in Electric Vehicle (EV) adoption across multiple brands. Economic pressures like inflation are also pushing some buyers towards used cars or two-wheelers, further impacting new car sales, yet the EV sector remains a clear growth engine.