"പതിറ്റാണ്ടുകൾക്ക് മുമ്പ്, ഞാൻ വാഹന വ്യവസായത്തിൽ എൻ്റെ ജോലി ആരംഭിച്ചപ്പോൾ, വിദേശത്ത് നിർമ്മിച്ച ആധുനിക കാറുകളുടെ ഫോട്ടോ എടുക്കാനും പഠിക്കാനും രാജ്യാന്തര വാഹന ഷോകളിലേക്ക് തീർത്ഥാടകരെപ്പോലെ പോയിരുന്നത് ഞങ്ങളുടെ ഇന്ത്യൻ പ്രതിനിധികളായിരുന്നു. എന്നാല്‍ ഡൽഹിയിൽ നടന്ന ഓട്ടോ ഷോയില്‍ , ജാപ്പനീസ്, കൊറിയൻ പ്രതിനിധികൾ ഞങ്ങളുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികളെ സൂക്ഷ്മമായി പരിശോധിക്കുകയും,ഫോട്ടോ എടുക്കുകയുംമെല്ലാം ചെയ്യുന്നത് കാണുമ്പോള്‍ എന്‍റെ വികാരം നിങ്ങള്‍ക്ക് ഊഹിക്കാം "
ഗ്ലോബല്‍ എക്‌സ്പോ പവിലിയനില്‍ മഹീന്ദ്ര യുടെ വാഹനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ച് വൈകാരികമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചതാണിത്. അന്താരാഷ്‌ട്ര സന്ദർശകർക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവികളോടുള്ള താൽപ്പര്യം ആണ് ആനന്ദ് മഹീന്ദ്രയെ ആഴത്തിൽ സ്വാധീനിച്ചത്. മഹീന്ദ്ര പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് ഇലക്‌ട്രിക് എസ്‌യുവികളായ Be6e, Xev 9e എന്നീ ഇലക്‌ട്രിക് എസ്‌യുവികളോട് വിദേശ പ്രതിനിധികള്‍, പ്രത്യേകിച്ച് ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നുമുള്ള പ്രതിനിധികള്‍ക്കുണ്ടായ അതീവ താല്‍പര്യമാണ് ഈ വൈകാരിക പോസ്റ്റിന് ആധാരം
വാഹനരംഗത്ത് ഇന്ത്യ എത്രത്തോളം മുന്നേറി എന്ന് അടിവരെയിടുന്നതാണീ ഈ വാക്കുകള്‍. അടുത്ത കാലം വരേയും വാഹന നിര്‍മാണത്തിലെ പുതുമകള്‍ക്കായി ഇന്ത്യക്കാര്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് നോക്കിയിരുന്നു എങ്കില്‍ ഇപ്പോള്‍ പുതുമകള്‍ക്കായി വികസിത രാജ്യങ്ങൾ ഇന്ത്യയിലേക്ക് തിരിയുന്ന ഒരു സമയമാണിത്.ആഗോള ഇലക്‌ട്രിക് വാഹന വിപണിയിൽ ഇന്ത്യയുടെ സ്വാധീനം എത്രത്തോളം വര്‍ദ്ധിച്ചു എന്നതാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ വാഹന വ്യവസായ രംഗത്ത് ഉണ്ടായ ഈ മാറ്റങ്ങള്‍ രാജ്യാന്തര തലത്തില്‍ എത്രത്തോളം മാറ്റമുണ്ടാക്കി എന്ന് ഇതിലൂടെ മനസിലാക്കാം . ഇന്ന് വാഹന നിര്‍മ്മാണത്തില്‍ ഇന്ത്യ വിദേശ സാങ്കേതികവിദ്യയുടെ ഒരു ഉപഭോക്താവല്ല, മറിച്ച് ലോകമെമ്പാടും അംഗീകരിക്കുന്നതും പ്രശംസിക്കപ്പെടുന്നതുമായ നൂതനാശയങ്ങളോടെ വാഹനങ്ങള്‍ നിർമ്മിക്കുന്ന ഒരു രാജ്യമായി. മഹീന്ദ്രയെപ്പോലുള്ള ഇന്ത്യൻ ഇവി നിർമ്മാതാക്കളുടെ ഉയർച്ച വാഹന വ്യവസായത്തിലെ മാറ്റത്തെ സൂചിപ്പിക്കുന്നു, ഇതിലൂടെ സുസ്ഥിരമായ മൊബിലിറ്റി സംവിധാനങ്ങളില്‍ ഇന്ത്യ കൂടുതൽ ഉയരങ്ങളിലെത്തും