
Source- Bajaj Auto
ലോകത്തിലെ ആദ്യമായി സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ബൈക്ക് വിപണിയിലെത്തിച്ച് ബജാജ്. ഫ്രീഡം 125 എന്ന് പേര് നല്‍കിയിരിക്കുന്ന ഈ മോഡലിന് 95,000 രൂപ മുതലാണ് എക്സ്-ഷോറൂം വില. ഗുജറാത്തിലും മഹാരാഷ്ട്രയിലും ആദ്യം വിൽപ്പനയ്ക്കെത്തുന്ന മോട്ടോർസൈക്കിൾ. ഈജിപ്ത്, ടാൻസാനിയ, പെറു, ഇന്തോനീഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനാണ് ബജാജ് ലക്ഷ്യമിടുന്നത്.
2 കിലോയുെട സിഎന്‍ജി ടാങ്കും 2 ലിറ്റര്‍ പെട്രോള്‍ ടാങ്കും ചേര്‍ന്നതാണ് വാഹനത്തിന്റെ ഫ്യുവലിങ് സംവിധാനം. 2 കിലോ സിഎന്‍ജി ഉപയോഗിച്ച് വാഹനം 200 കിലോമീറ്ററിലധികം ഓടുമെന്ന് ബജാജ് അവകാശപ്പെടുന്നു. ഓട്ടത്തിനിടെ റോഡില്‍ വെച്ച് സിഎന്‍ജി തീര്‍ന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ല. 2 ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് വാഹനം 130 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ആകെ 2 ലിറ്റര്‍ പെട്രോളും 2 കിലോ സിഎന്‍ജിയും ഉപയോഗിച്ച് 330 കിലോമീറ്റര്‍ 'ഫ്രീഡം 125' സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹാന്‍ഡില്‍ബാറില്‍ കൊടുത്തിരിക്കുന്ന സ്വിച്ചിലൂടെ ഏത് ഇന്ധനം ഉപയോഗിക്കണമെന്ന് തിരഞ്ഞെടുക്കാം.
8000 ആര്‍പിഎമ്മില്‍ 9.4 ബിഎച്ച്പി കരുത്തും, 9.7 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 125 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 125 സിസി സെഗ്മെന്റിലെ മറ്റ് ബൈക്കുകളെ അപേക്ഷിച്ച് പെര്‍ഫോമന്‍സ് കുറവാണെങ്കിലും മൈലേജിലും ഫീച്ചറുകളിലും കോംപ്രമൈസ് ചെയ്യാന്‍ ബജാജ് ഒരുക്കമല്ല.
ഫീച്ചറുകളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഫ്രീഡം. വാഹനത്തിന്റെ എല്ലാ ലൈറ്റുകളും എല്‍ഇഡിയാണ്. ഫോണ്‍ കോള്‍, എസ്എംഎസ് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്ന ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിങ്ങനെ ഫീച്ചറുകളും ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലിനീകരണം വന്‍ തോതില്‍ കുറയ്ക്കാനും സിഎന്‍ജി വാഹനങ്ങള്‍ക്ക് സാധിക്കും. പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് 26.7 ശതമാനം മലിനീകരണം കുറവാണ് സിഎന്‍ജി വാഹനങ്ങള്‍ക്ക്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ നിന്ന് രക്ഷനേടാനും 'ഫ്രീഡം' സഹായിക്കുമെന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് സര്‍മ വ്യക്തമാക്കുന്നു. എന്തായാലും ഇരുചക്ര വാഹനലോകത്ത് 'ഫ്രീഡം' വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.