75-ാമത് മിസ് യൂണിവേഴ്സിന്റെ ഫൈനൽ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, വിഡിയോയുമായി ഇന്ത്യൻ പ്രതിനിധി കെസിയ ലിസ് മെജോ. മിസ് യൂണിവേഴ്സിന്റെ ബാക്ക് സ്റ്റേജിൽ നിന്നാണ് വിഡിയോ ചിത്രീകരിക്കുന്നതെന്നും ഇനി വേണ്ടത് ഇന്ത്യക്കാരുടെ പിന്തുണ മാത്രമാണെന്നും മലയാളി കൂടിയായ കെസിയ വിഡിയോയിൽ പറയുന്നു.

'പ്രാഥമിക മത്സരങ്ങളും ദേശീയ വേഷമത്സരവും പൂർത്തിയായെന്നും തന്റെ ഭാഗത്തുനിന്ന് പരമാവധി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇനി അടുത്ത ഘട്ടങ്ങളിലേക്ക് മുന്നേറാൻ ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയാണ് ആവശ്യം. 75 വർഷത്തെ മിസ് യൂണിവേഴ്സ് ചരിത്രത്തിൽ കേരളത്തിൽനിന്ന് ആദ്യമായി മത്സരിക്കുന്ന പ്രതിനിധിയാണ്. ഇന്ത്യക്കാരിയായിരിക്കുന്നതിന്റെ അർഥവും ഇന്ത്യയുടെ ശക്തിയും ലോകത്തിന് കാണിച്ചുകൊടുക്കണം. മിസ് യൂണിവേഴ്സിന്റെ നാലാമത്തെ കിരീടം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ എന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇനി നിങ്ങളുടെ പിന്തുണ മാത്രമാണ് വേണ്ടത്'- കെസിയ വീഡിയോയിൽ പറയുന്നു.

കെസിയക്ക് എങ്ങനെ വോട്ട് ചെയ്യാം ? 

മിസ് യൂണിവേഴ്സിന്റെ ഔദ്യോഗിക ഫാൻ ആപ്പായ MU Fan  ആപ്പ് ഡൗൺലോഡ് ചെയ്യുക. വോട്ടിങ് വിഭാഗത്തിൽ പ്രവേശിക്കുക. അതിൽ ഇന്ത്യ തിരഞ്ഞെടുക്കുക. മിസ് പോപ്പുലർ, നാഷണൽ കോസ്റ്റ്യൂം, പ്രിലിമിനറി തുടങ്ങിയ വിഭാഗങ്ങളിൽ ലഭ്യമായ വോട്ടിങ് ഓപ്ഷനുകൾ പരിശോധിച്ച് വോട്ട് രേഖപ്പെടുത്തുക. ഔദ്യോഗിക വോട്ടിങ് ലിങ്ക്: https://missuniverseorg.com/vote.

ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30ന് ലാറ്റിൻ അമേരിക്കൻ രാജ്യമായ പ്യൂർട്ടോ റിക്കോയിലാണ് ഫൈനൽ. സാൻ ജുവാനിലെ പ്രശസ്തമായ ‘ഹോസെ മിഗ്വൽ അഗ്രെലോട്ട് കൊളീസിയം’ ആണ് ഈ വിശ്വസുന്ദരിപ്പട്ടത്തിനായുള്ള പോരാട്ടത്തിന് വേദിയാകുന്നത്. സുസ്മിത സെൻ, ലാറ ദത്ത, ഹർനാസ് സന്ധു എന്നിവരിലൂടെയാണ് ഇതിന് മുൻപ് മിസ് യൂണിവേഴ്സ് കിരീടങ്ങൾ ഇന്ത്യയിലെത്തിച്ചത്. മിസ് യൂണിവേഴ്സ് വേദിയിലെത്തുന്ന ആദ്യ മലയാളി കൂടിയായ കെസിയ ഹരിപ്പാട് മുട്ടം കിണറ്റുകരയിൽ മെജോ ഏബ്രഹാമിന്‍റെയും പത്തനംതിട്ട കടമ്മനിട്ട സ്വദേശി സുജ മെജോയുടെയും മകളാണ്. 

ENGLISH SUMMARY:

Miss Universe India Kesia Liz Rejo is seeking nationwide support as she prepares for the historic 75th Miss Universe final in Puerto Rico. As the first-ever contestant from Kerala, she urges fans to vote through the official app to bring the crown back to India.