Image Credit: Instagram

Image Credit: Instagram

  • കൊടുമണിലാണ് വേരുകളെങ്കിലും റെവ്​ലിന്‍ ജനിച്ചതും വളര്‍ന്നതും ദുബായിലാണ്. ഡല്‍ഹി പബ്ലിക് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് റെവ്​ലിന്‍ ഫാഷന്‍ ലോകത്തേക്ക് പൂര്‍ണമായും തിരിഞ്ഞത്

പത്തനംതിട്ടയിലെ കൊടുമണില്‍ നിന്ന് ഫാഷന്‍ ലോകത്തിന്‍റെ നെറുകയിലേക്ക് നടന്ന് കയറിയിരിക്കുകയാണ് റെവ്​ലിന്‍ വര്‍ഗീസ്. വിക്ടോറി സീക്രട്ട്സ് ഫാഷന്‍ ഷോയിലാണ് സൂപ്പര്‍ മോഡലുകള്‍ക്കൊപ്പം റെവ്​ലിന്‍ കൂടി റാംപില്‍ ചുവട് വച്ചപ്പോള്‍ പുതിയ ചരിത്രമാണ് പിറന്നത്. വിക്ടോറിയ സീക്രട്ട് ഫാഷനിലെത്തുന്ന ആദ്യ മലയാളി മോഡലായി റെവ്​ലിന്‍. രണ്ട് ലുക്കുകളിലാണ് റെവ്​ലിന്‍ എത്തിയത്. 

മോഡലിങ് ഒരിക്കലും ഒരു സ്വപ്നമായിരുന്നില്ലെന്നും  അതിലേക്ക് താന്‍ എത്തിച്ചേരുകയായിരുന്നുവെന്നും റെവ്​ലീന്‍ പറയുന്നു. ഷോയില്‍ പങ്കെടുക്കാന്‍ തലേന്ന് കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങുമെന്ന് റെവ്​ലിന്‍ പറയുന്നു. പിന്നാലെ മലയാളം പാട്ടുകള്‍ കേട്ട് എഴുന്നേല്‍ക്കും. പതിവ് ചര്‍മ സംരക്ഷണം തുടരും. സമയമുണ്ടെങ്കില്‍ നടക്കാന്‍ പോകും. ബോള്‍ഡും ആത്മവിശ്വാസം നല്‍കുന്നതുമായ വസ്ത്രങ്ങളാണ് താന്‍ തിരഞ്ഞെടുക്കുകയെന്നും റെവ്​ലിന്‍ 2025 ല്‍ ദ് നോഡിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

കൊടുമണിലാണ് വേരുകളെങ്കിലും റെവ്​ലിന്‍ ജനിച്ചതും വളര്‍ന്നതും ദുബായിലാണ്. ഡല്‍ഹി പബ്ലിക് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് റെവ്​ലിന്‍ ഫാഷന്‍ ലോകത്തേക്ക് പൂര്‍ണമായും തിരിഞ്ഞത്. ഡല്‍ഹിയിലെ നിഫ്റ്റിലെത്തി ഫാഷന്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങി. ന്യൂയോര്‍ക്കിലെ പാര്‍സന്‍സ് സ്കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

ഫാഷന്‍ മോഡലുകളുടെ ചിത്രങ്ങള്‍ വരച്ച് അവരുടെ വസ്ത്രങ്ങള്‍ക്ക് നിറം നല്‍കിയും തനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചും ആനന്ദം കണ്ടെത്തിയ പെണ്‍കുട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മോഡലായി പരിണമിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഫാഷന്‍ ലോകത്തെ സുപ്രധാന ഷോയാണ് വിക്ടോറിയ സീക്രട്സിന്‍റേതെന്നത് കൊണ്ട് തന്നെ അഡ്രിയാന ലീമയ്ക്കും അലസ്സാന്ദ്ര അബ്രോസിയയ്ക്കുമൊപ്പമുള്ള റെവ്​ലിന്‍റെ ചുവടുകളും ഒട്ടും നിസാരമല്ല. കന്നി ഷോയില്‍ ആദ്യം പിങ്ക് ലേസുള്ള വസ്ത്രമണിഞ്ഞെത്തിയ റെവ്​ലിന്‍ രണ്ടാമത്തെ അപ്പിയറന്‍സില്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ഔട്ട്ഫിറ്റ് ധരിച്ചാണ് എത്തിയത്.

ENGLISH SUMMARY:

Rewleen Varghese, whose roots lie in Kodumon, Pathanamthitta, has made history as the first Malayali model to walk the ramp at the Victoria’s Secret Fashion Show. She shared the runway with international supermodels, making two appearances in a pink lace outfit and a black-and-white ensemble. Born and raised in Dubai, Rewleen completed her schooling at Delhi Public School, studied fashion at the National Institute of Fashion Technology (NIFT) in Delhi, and earned a postgraduate degree from Parsons School of Design in New York. Although modelling was not her childhood dream, she gradually found her way into the fashion industry and follows a routine that includes adequate sleep, listening to Malayalam songs, skincare and walking.