Aishwarya Rai poses on the red carpet during arrivals for the screening of the film "Histoires de la nuit" (The Birthday Party) in competition at the 79th Cannes Film Festival in Cannes, France, May 22, 2026. REUTERS/Sarah Meyssonnier
പതിവ് തെറ്റിയില്ല, കാനിന്‍റെ മനം കവര്‍ന്ന് ഐശ്വര്യറായ് ബച്ചനെത്തി. മല്‍സ്യകന്യകയെപ്പോലെ റെഡ് കാര്‍പറ്റിലൂടെ താരം ഒഴുകി നീങ്ങി. ഇത്തവണത്തെ കാനില്‍ ഐശ്വര്യയ്ക്ക് ക്ഷണമില്ലെന്ന അഭ്യൂഹങ്ങളെ കാറ്റില്‍പ്പറത്തിയാണ് മകള്‍ ആരാധ്യയുമായി താരമെത്തിയത്. മേയ് 12ന് ആരംഭിച്ച കാനില്‍ ഇത്രയും ദിവസമായിട്ടും ഐശ്വര്യയെ കാണാതെയായതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇത് 24–ാം തവണയാണ് ഐശ്വര്യ കാനിലെത്തുന്നത്.
അമിത് അഗര്‍വാള്‍ തയാറാക്കിയ എലഗന്‍റ് ബ്ലൂ ഗൗണാണ് താരം ധരിച്ചത്. മെര്‍മെയ്ഡ് ഫിനിഷ് നല്‍കിയ ഗൗണിന് നേര്‍ത്ത ദുപ്പട്ടയും അഴക് കൂട്ടി. സഞ്ചരിക്കുന്ന പ്രകാശമെന്ന തീമിലാണ് കാനിന്‍റെ രാജ്ഞിക്കുള്ള വസ്ത്രം അമിത് തയാറാക്കിയത്. പ്രഭാപൂരിതമെന്നതിനപ്പുറത്തേക്ക് ഒരു പോസിറ്റീവ് ഊര്‍ജവും എടുപ്പും നല്‍കുന്നതായിരുന്നു ഐശ്വര്യയ്ക്കായുള്ള ഗൗണ്‍. 'കാനില്‍ ഐശ്വര്യയുടെ തലയെടുപ്പ് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ കേവലം ഒരു വസ്ത്രമെന്നതിനപ്പുറം ഐശ്വര്യയ്ക്കുള്ള ആകര്‍ഷണീയതയെയും ഊര്‍ജത്തെയും കൂടി ചുറ്റിലും പ്രസരിപ്പിക്കണമെന്ന് ഞാനും മോഹിതും ഉറച്ചു. അത് മനസില്‍ വച്ചാണ് കരുത്തും, ചടുലവുമായ ഡിസൈനിലേക്ക് എത്തിയത്. കാനില്‍ ഐശ്വര്യയ്ക്ക് അത് മാറ്റ് കൂട്ടുമെന്ന് ഉറപ്പായിരുന്നു' എന്നാണ് അമിത് വ്യക്തമാക്കിയത്.
അതിമനോഹരമായ വസ്ത്രത്തിനൊപ്പം ലൂസ് കേള്‍സാണ് മുടിയില്‍ ചെയ്തത്. കവിളുകളില്‍ പിങ്ക് നിറവും ചുവപ്പ് ലിപ്സ്റ്റികും ഒപ്പം നീലക്കല്ലുകള്‍ പതിച്ച ഡയമണ്ട് മാലയുമായിരുന്നു മറ്റ് മെയ്ക്കപ്പ്. ലോറിയല്‍ ഗ്ലോബല്‍ അംബാസിഡറും സുഹൃത്തുമായ ഈവ ലോങ്റിയയ്ക്കൊപ്പമാണ് താരം റെഡ് കാര്‍പെറ്റിലെത്തിയത്. തുടര്‍ന്ന് മോണിക ബെലൂചിയുടെ ദ് ബര്‍ത്ത്ഡേ പാര്‍ട്ടിയും കണ്ടാണ് അവര്‍ മടങ്ങിയത്.
2002 ല്‍ ദേവ്ദാസുമായി ഷാരൂഖിനൊപ്പമാണ് ഐശ്വര്യ ആദ്യമായി കാനിലെത്തുന്നത്. നീത ലുല്ല തയാറാക്കിയ മഞ്ഞ സാരിയണിഞ്ഞായിരുന്നു ഐശ്വര്യ അന്ന് റെഡ് കാര്‍പെറ്റിലെത്തിയത്. ഒപ്പം ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ സഞ്ജയ് ലീല ബന്‍സാലിയുമുണ്ടായിരുന്നു. 2003 മുതല്‍ ലോറിയല്‍ താരമായി ഐശ്വര്യ കാനിന്‍റെ സ്വന്തമായി. 2007 ല്‍ വിവാഹത്തിന് പിന്നാലെ അഭിഷേകുമൊത്താണ് താരം റെഡ് കാര്‍പെറ്റിലെത്തിയത്. അന്ന് അര്‍മാനിയുടെ ഗൗണായിരുന്നു വേഷം. കാനിലെ തന്‍റെ പതിനഞ്ചാം വര്‍ഷത്തില്‍ സിന്‍ഡ്രല്ലയെപ്പോലെയായിരുന്നു ഐശര്യ പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഇത്തവണ ബ്രാന്‍ഡ് നല്‍കിയ പോസ്റ്ററുകളിലൊന്നും ഐശ്വര്യയുണ്ടായിരുന്നില്ല.