ആഗോളതലത്തില്‍ തരംഗം തീര്‍ക്കുകയാണ് ലബുബു പാവകള്‍. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ ലബുബുവിന് പിന്നാലെയാണ്. സോഷ്യല്‍ ലോകത്തും ചര്‍ച്ച വിവിധ നിറങ്ങളിലുളള ലബുബു പാവകള്‍ തന്നെ..എന്നാലിപ്പോഴിതാ ചൈനയില്‍ മനുഷ്യന്‍റെ വലുപ്പമുളെളാരു ലബുബു പാവ വിറ്റുപോയതിന്‍റെ വാര്‍ത്തയാണ് ശ്രദ്ധനേടുന്നത്. 1.08 മില്യണ്‍ യുവാന്‍ (150,275 ഡോളര്‍) ചിലവാക്കിയാണ് ഈ പാവ ഒരാള്‍ ലേലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. അതായത് ഏകദേശം 1 കോടി 28 ലക്ഷം രൂപയ്ക്കാണ് പാവ വിറ്റുപോയിരിക്കുന്നത്. ഇതോടെ ലോകത്തിന്‍റെ ഏറ്റവും വലിയ ലബുബു പാവ എന്ന റെക്കോര്‍ഡും ഈ പാവ സ്വന്തമാക്കി.
ചൈനയിലെ ബെയ്ഡിങ്ങിലാണ് ലബുബു പാവകളുടെ ലേലം നടന്നത്. യോങ്കിള്‍ ഇന്‍റര്‍നാഷ്ണല്‍ ഓക്ഷനാണ് ലേലം സംഘടിപ്പിച്ചത്. മോഡണ്‍ ജ്വല്ലറിയുടെയും മറ്റും ലേലം നടത്തുന്ന കമ്പനിയാണ് യോങ്കിള്‍ ഇന്‍റര്‍നാഷ്ണല്‍ ഓക്ഷന്‍. എന്നാല്‍ ആഗോളതലത്തില്‍ ലബുബു പാവകളുടെ ആവശ്യകത കൂടിയതോടെ യോങ്കിള്‍ ഇന്‍റര്‍നാഷ്ണല്‍ ഓക്ഷന്‍ പാവകളുടെ ലേലവുമായി രംഗത്തെത്തുകയായിരുന്നു. യോങ്കിള്‍ മൊബൈല്‍ ആപ്പിലൂടെ ആയിരത്തിലേറെ പേര്‍ ലേലത്തില്‍ പങ്കെടുത്തു. 200 പേരോളം ലേലം നടക്കുന്ന ഹാളില്‍ നേരിട്ടെത്തി പരിപാടിയില്‍ പങ്കെടുത്തു. 48 വ്യത്യസ്തയിനം ലബുബു പാവകളാണ് ലേലത്തിനായി വച്ചിരുന്നത്. ഇതില്‍ തന്നെ മനുഷ്യന്‍റെ വലിപ്പമുളള പാവയുമുണ്ടായിരുന്നു. അതായിരുന്നു ലേലത്തിന്‍റെ മുഖ്യ ആകര്‍ഷണവും.
പൂജ്യത്തില്‍ നിന്ന് തുടങ്ങിയ ലേലം വിളി അവസാനിച്ചത് കോടികളിലാണ്. മനുഷ്യന്‍റെ വലിപ്പമുളള ലബുബു പാവയ്ക്കായിരുന്നു ആവശ്യക്കാരേറെയും. അവസാനം 1 കോടി 28 ലക്ഷത്തിനാണ് മിന്‍റ് നിറത്തിലുളള ലബുബു പാവ വിറ്റുപോയത്. 4.3 അടിയായിരുന്നു ഈ ലബുബുവിന്‍റെ ഉയരം. ചൈനീസ് കളിപ്പാട്ട നിര്‍മാതാക്കളായ പോപ് മാര്‍ട്ടാണ് ഈ പാവയുടെ നിര്‍മാതാക്കള്‍. കാസിങ് ലങ് എന്ന കലാകാരനാണ് ഈ ലബുബു പാവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുഴുവന്‍ പാവകളും വിറ്റതോടെ ലേലത്തില്‍ നിന്ന് ആകെ ലഭിച്ചത് 4,43,63,351 രൂപയാണ്.
2019മുതല്‍ പ്രചാരത്തിലുളള ലബുബു പാവകള്‍ ഈ അടുത്ത കാലത്താണ് കൂടുതല്‍ പ്രചാരം നേടിയത്. കെ പോപ് മ്യൂസിക് ബാന്‍ഡ് ആയ ബ്ലാക് പിങ്കിലെ താരങ്ങള്‍ തങ്ങളുടെ ഹാന്‍ഡ് ബാഗിലും മറ്റും ലബുബു പാവകള്‍ കീചെയിനായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഈ മോണ്‍സ്റ്റര്‍ രൂപമുളള പാവകളിലേക്ക് ലോകത്തിന്‍റെ കണ്ണുടക്കിയത്. പിന്നീട് വിവിധ മേഖലകളിലുളള സെലിബ്രിറ്റികളും ഈ പാവ വാങ്ങാന്‍ തുടങ്ങിയതോടെ ലബുബുവിന് ഡിമാന്‍റ് ഏറി. ഇഷ്ടനിറത്തിലുളള പാവ വാങ്ങാനാവില്ല എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. വാങ്ങിയ ശേഷം കവര്‍ തുറന്നുനോക്കുമ്പോള്‍ മാത്രമാണ് ഏത് നിറത്തിലുളള പാവയാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്നറിയുകയുളളൂ. ഓരോ ലബുബു പാവകളും ഓരോ ആശയങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. സന്തോഷം, പ്രതീക്ഷ, എന്നിങ്ങനെ പോകുന്നു നിറങ്ങളുടെ അര്‍ഥം. വില കൂടുതലാണെങ്കിലും ഇഷ്ട നിറങ്ങള്‍ നേടാനുളള തിരക്കിലാണ് ലബുബു ആരാധകര്‍.