മഞ്ജു കുര്യാക്കോസ്, ഷെറിൻ മുഹമ്മദ്
ലോക സിനിമയുടെ വമ്പൻ വേദിയായ കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റ് സിനിമ പ്രവർത്തകർക്ക് മാത്രമല്ല ഫാഷൻ ഡിസൈനർമാർക്കും സ്വപ്നമാണ്. 2025ൽ ആ സ്വപ്നം നേടിയെടുത്തത് ഒന്നല്ല രണ്ട് മലയാളികളാണ്. ആലപ്പുഴ ചേർത്തല സ്വദേശിനിയും കനേഡിയൻ പൗരയുമായ ഷെറിൻ മുഹമ്മദും മഞ്ജു കുര്യാക്കോസ് എന്ന ഫാഷൻ ഡിസൈനറും.
സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സമഗ്ര സംഭാവനകൾക്ക് ആദരമായിയാണ് ഷെറിനെ കാൻ ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചത്. ഷെറിൻ റെഡ് കാർപ്പറ്റിൽ എത്തിയതാകട്ടെ മഞ്ജു രൂപകൽപ്പന ചെയ്തത് സാരി-ഗൗൺ ഫ്യൂഷൻ വസ്ത്രം അണിഞ്ഞും.
"ഇന്ത്യൻ പാരമ്പര്യത്തെയും ആഗോള സ്വാധീനത്തെയും പ്രതിഫലിപ്പിക്കാൻ കഴിയുന്ന വസ്ത്രം തയ്യാറാക്കുകയായിരുന്നു ലക്ഷ്യം" മഞ്ജു പറഞ്ഞു. അങ്ങനെയാണ് രാജ്യത്തിന്റെ ദേശീയ പക്ഷിയിലേക്ക് എത്തിയത്. മയിലിന്റെ തലയും പീലികളും എംബ്രോയിഡറി ചെയ്തു കൊണ്ടുള്ള ഡിസൈനിന്, 70 മീറ്ററിലധികം തുണിയും കല്ലുകളും മുത്തുകളും ആവശ്യമായി വന്നു. മയിലിന്റെ തിളക്കം അനുസ്മരിപ്പിക്കുന്ന സ്വർണ്ണ നിറത്തിലാണ് വസ്ത്രം ഒരുക്കിയത്. ഏകദേശം നാല് മാസം എടുത്താണ് വസ്ത്രം തയാറാക്കിയത്.
"ഷെറിൻ ആദ്യം വിളിച്ചപ്പോൾ സ്വപ്നം പോലെ തോന്നി. കാൻ ഫെസ്റ്റിവലിൽ വസ്ത്രം തുന്നാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നു. ഷെറിന്റെ ഇന്ത്യൻ പാരമ്പര്യത്തെയും ആഗോള സ്വാധീനത്തെയും പ്രതിഫലിക്കുന്ന വസ്ത്രം രൂപകൽപ്പന ചെയ്യാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം"– മഞ്ജു പറഞ്ഞു.
മഞ്ജുവിന്റെ ഡിസൈൻ ബ്രാൻഡായ "തരംഗ്" കഴിഞ്ഞ 15 വർഷമായി ഫാഷൻ ക്ലാസിക്കുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ജുവിന്റെ ഡിസൈനുകളിൽ പാർവതി ഓമനക്കുട്ടൻ, പ്രയാഗ മാർട്ടിൻ, അനുശ്രീ തുടങ്ങിയവർ പലവേദികളിലും എത്തി. ബംഗളൂരു ഫാഷൻ സാഗയിലും മഞ്ജുവിന്റെ ‘തരംഗ്’ തരംഗം സൃഷ്ടിച്ചു.
ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞയായ ഷെറിൻ മുഹമ്മദ്, 2024ലെ മിസ്സിസ് ഇൻഡോ കാനഡ എർത്ത് കിരീടം നേടിയിരുന്നു. നിരവധി അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തു. കൂടാതെ, ഇന്റർനാഷണൽ നോവോ കോസ്മോ വേൾഡ് വൈഡ് പേജന്റ്സിന്റെ (NovaCosmo Worldwide Pageants) സഹസ്ഥാപക കൂടിയാണ് ഷെറിൻ.
ഫാഷൻ സ്റ്റൈലിങ്ങിൽ INIFD, JD ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം നേടിയ മഞ്ജു, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ നിന്ന് ഹോം സയൻസിൽ ബിരുദധാരിയാണ്.