68 രാജ്യങ്ങളില്‍ നിന്നുളള സൗന്ദര്യറാണിമാരെ പിന്തളളി 12ാമത് മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടി ചരിത്രം കുറിച്ചയാളാണ് ഇന്ത്യയുടെ റേച്ചല്‍ ഗുപ്ത. എന്നാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ കിരീടം റേച്ചല്‍ ഉപേക്ഷിക്കുകയാണ്. മത്സരസംഘാടകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങളും മോശം പെരുമാറ്റവും പാഴായ വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടിയാണ് റേച്ചല്‍ കിരീടം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. പിന്നാലെ റേച്ചൽ ഗുപ്തയെ പുറത്താക്കിയതാണെന്നും കിരീടം റദ്ദാക്കിയതായും അറിയിച്ച് മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ (എം.ജി.ഐ.) രംഗത്തെത്തിയതോടു കൂടി വിഷയത്തില്‍ വിവാദം കനക്കുകയാണ്.
മെയ് 28 ന് സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് തന്‍റെ ഇക്കാര്യം റേച്ചല്‍ അറിയിച്ചത്. ‘വളരെ വിഷമത്തോടെയാണ് ഈ വാര്‍ത്ത ഞാന്‍ പങ്കുവയ്ക്കുന്നത്. മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2024 എന്ന പദവി രാജിവച്ച് എന്റെ കിരീടം തിരികെ നൽകാൻ ഞാൻ തീരുമാനിച്ചു.ആ കിരീടം ചൂടിയ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വലുതും പ്രിയ്യപ്പെട്ടതുമായ സ്വപ്നമായിരുന്നു. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനും ചരിത്രം സൃഷ്ടിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ കിരീടധാരണത്തിന് ശേഷമുള്ള മാസങ്ങൾ കഠിനമായിരുന്നു. വാഗ്ദാന ലംഘനങ്ങള്‍, മോശം പെരുമാറ്റം... എനിക്കിനിയും ഈ വിഷലിപ്ത അന്തരീക്ഷത്തില്‍ നിശബ്ദമായി തുടരാന്‍ സാധിക്കില്ല’ റേച്ചല്‍ കുറിച്ചു.
താനനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള യൂട്യൂബ് വിഡിയേയും റേച്ചല്‍ പുറത്തിറക്കിയിട്ടുണ്ട്. തടി കൂടുന്നതിനെ കുറിച്ച് പരിഹസിക്കപ്പെട്ടെന്നും സംഘാടകര്‍ മുറിയില്‍ പൂട്ടിയിട്ടു ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചെവന്നും റേച്ചല്‍ ആരോപിച്ചു. തന്നെ ടിക്ടോക്കില്‍ വില കുറഞ്ഞ വസ്തുക്കള്‍ വില്‍ക്കുന്നതിനുള്ള സെയില്‍സ് ഗേളാക്കി മാറ്റിയെന്നും ബോഡി ഷെയിമിങ് അടക്കമുള്ള പീഡനങ്ങള്‍ക്ക് താന്‍ ഇരയായെന്നും റേച്ചല്‍ വിഡിയോയില്‍ കണ്ണീരോടെ പറയുന്നു. തടികൂടാന്‍ പാടില്ലെന്ന് സംഘാടകര്‍ പറഞ്ഞു. ജിം, യോഗ തുടങ്ങിയ സൗകര്യങ്ങള്‍ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതൊന്നും നല്‍കാന്‍ തയ്യാറായിരുന്നില്ല. മറിച്ച് മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം നിഷേധിക്കുകയാണ് ചെയ്തത്. റേച്ചല്‍ പറയുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയും താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും റേച്ചല്‍ കൂട്ടിച്ചേര്‍ത്തു.
വിഡിയോ ഇതിലകം അഞ്ചുലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. സംഭവം വിവാദമായതോടെ പ്രതികരണവുമായി മിസ് ഗ്രാൻഡ് ഇൻ്റർനാഷണലും രംഗത്തെത്തി. റേച്ചൽ ഗുപ്തയെ പുറത്താക്കിയതാണെന്നും കിരീടം റദ്ദാക്കിയതായുമാണ് മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ (എം.ജി.ഐ.) അറിയിച്ചത്. റേച്ചല്‍ പട്ടം നിഷേധിക്കുകയല്ല മറിച്ച് മിസ് ഗ്രാന്‍ഡ് പട്ടം തിരിച്ചെടുകയായിരുന്നു എന്നാണ് സംഘാടകരുടെ വാദം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പുറമേ നിന്നുള്ള പ്രോജക്ടുകൾ ഏറ്റെടുത്തും ഗ്വാട്ടിമാലയിലേക്കുള്ള ഔദ്യോഗിക യാത്രയിൽ പങ്കെടുക്കാൻ വിസമ്മതിച്ചും റേച്ചല്‍ കരാര്‍ ലംഘിച്ചുവെന്നാണ് സംഘടന പറയുന്നത്. അതിനാല്‍ മിസ് ഗ്രാന്‍ഡ് പട്ടം എടുത്തുമാറ്റുന്നുവെന്നും 30 ദിവസത്തിനുള്ളിൽ കിരീടം തിരികെ നൽകണമെന്നും പ്രസ്താവനയില്‍ പറയുന്നു.
2024 ഒക്ടോബർ 25നാണ് റേച്ചൽ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ കിരീടം നേടുന്നത്. ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് റേച്ചല്‍ ഗുപ്ത. മുന്‍പ് മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ് സൗന്ദര്യപട്ടങ്ങള്‍ പലവട്ടം ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ഇന്ത്യയിലേക്കെത്തുന്നത് റേച്ചല്‍ ഗുപ്തയിലൂടെയാണ്. പഞ്ചാബിലെ ജലന്തര്‍ സ്വദേശിനിയാണ് 21 കാരിയായ റേച്ചല്‍ ഗുപ്ത. മോഡലും നടിയും സംരംഭകയുമാണ് റേച്ചല്‍. മിസ് സൂപ്പര്‍ ടാലന്‍റ് ഓഫ് ദി വേള്‍ഡ് 2022, മിസ് ഗ്രാന്‍ഡ് ഇന്ത്യ 2024, എന്നീ സൗന്ദര്യപ്പട്ടങ്ങളും റേച്ചല്‍ ഗുപ്ത സ്വന്തമാക്കിയിട്ടുണ്ട്.