പ്രസവ ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് ശക്തമായ മറുപടിയുമായി നടിയും അവതാരകയുമായ പേളി മാണി. തന്‍റെ ശരീരത്തെ താൻ ഏറെ ഇഷ്ടപ്പെടുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരേജും അതിജീവിച്ച ശരീരമാണ് തന്‍റേതെന്നും പേളി വെളിപ്പെടുത്തി.
'ബോഡിഷേമിംഗ് നടത്തുന്നത് സ്വാഭാവികമായ ഒന്നാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം പാലിക്കാം.... പക്ഷേ അത് ശരിയായ കാര്യമല്ല, ഒരിക്കലും ശരിയാവുകയുമില്ല.... എന്‍റെ ശരീരത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു... രണ്ട് പ്രസവങ്ങളും ഒരു മിസ്കാരേജും അതിജീവിച്ച എൻ്റെ ഈ ശരീരം മുൻപത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു' - പേളി കുറിച്ചു.
'ഹീലിങ് ഫ്രം വിത്തിൻ' എന്ന ഹാഷ്‌ടാഗോടെയാണ് പേളി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. പ്രസവശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ പരിഹസിക്കുന്നവർക്കുള്ള കൃത്യമായ മറുപടി എന്നാണ് പോസ്റ്റിലെ കമന്റുകൾ. പേളിയുടെ പോസ്റ്റിന് മറുപടിയായി നടി ഷോൺ റോമി നൽകിയ കമന്റും ശ്രദ്ധ നേടുന്നുണ്ട്.
'കഴിഞ്ഞ 17 വർഷമായി എനിക്ക് നിന്നെ അറിയാം. ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം നിൻ്റെ നിഴലായി കൂടെയുണ്ടായിരുന്നു. നീ ഓരോ ഘട്ടത്തിലും സ്വയം മാറുന്നതും, പ്രതിസന്ധികളെ കരുത്തോടെ നേരിടുന്നതും, ജീവിതം തന്ന എല്ലാ വെല്ലുവിളികൾക്കും ശേഷം കൂടുതൽ ശക്‌തയായി തിരിച്ചുവരുന്നതും ഞാൻ നോക്കി നിന്നിടുണ്ട്' എന്നായിരുന്നു ഷോൺ റോമിയുടെ കമന്‍റ്