എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മേയിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ബോർഡ് പരീക്ഷകൾ മുന്നിൽ കണ്ടാണ് മൂല്യനിർണ്ണയ നടപടികൾ വേഗത്തിലാക്കിയത്.
വിദ്യാർത്ഥികൾക്ക് results.cbse.nic.in, cbse.gov.in, തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി, സെക്യൂരിറ്റി പിന്‍ എന്നിവ നൽകി ലോഗിൻ ചെയ്താൽ സ്കോർ കാർഡ് ലഭ്യമാകും. വെബ്സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ ഇത്തവണ ഡിജി ലോക്കർ (results.digilocker.gov.in), ഉമംഗ് (UMANG) ആപ്പ് എന്നിവ വഴിയും ഫലമറിയാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാക്കാൻ ഡിജി ലോക്കർ സംവിധാനം സഹായിക്കും. APAAR ഐഡി ലിങ്ക് ചെയ്ത വിദ്യാർത്ഥികൾക്ക് ഫലപ്രഖ്യാപനത്തിന് പിന്നാലെ രേഖകൾ തനിയെ ‘Issued Documents’ സെക്ഷനില്‍ ലഭ്യമാകും. ഐഡി ഇല്ലാത്തവർക്ക് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അക്സസ് കോഡ് ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കായി എസ്എംഎസ് (SMS), ഐവിആർഎസ് (IVRS) സംവിധാനങ്ങളും സജ്ജമാണ്.
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ജയിക്കാൻ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കാണ് വേണ്ടത്. ഏതെങ്കിലും വിഷയങ്ങളിൽ പരാജയപ്പെടുകയോ മാർക്ക് കുറഞ്ഞയുകയോ ചെയ്താല്‍ ആ വിദ്യാര്‍ഥികള്‍ക്ക് ജൂലൈയിൽ സപ്ലിമെന്ററി പരീക്ഷകൾ എഴുതാം. ഫലത്തിൽ തൃപ്തരല്ലാത്തവർക്ക് പുനർമൂല്യനിർണ്ണയത്തിന് (Re-evaluation) അപേക്ഷിക്കാനും അവസരമുണ്ട്. കഴിഞ്ഞ വർഷം 93 ശതമാനത്തിന് മുകളിലായിരുന്നു പത്താം ക്ലാസിലെ വിജയശതമാനം.
24,12,072 വിദ്യാര്‍ഥികളാണ് ഈവര്‍ഷം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെയാണ് പരീക്ഷ നടത്തിയത്. ആകെ 8,075 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തിന് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. ഈ പരീക്ഷയുടെ മൂല്യനിർണ്ണയം പുരോഗമിക്കുന്നതേയുള്ളൂ.. പത്താം ക്ലാസ് ഫലം ആദ്യം പ്രസിദ്ധീകരിക്കാനാണ് ബോര്‍ഡ് തീരുമാനം. സിബിഎസ്ഇ പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി വിദ്യാർത്ഥികൾ ബോർഡിന്റെ ഔദ്യോഗിക പോർട്ടലുകൾ മാത്രം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഡിജിലോക്കർ വഴി ഫലമറിയാന്‍
1. cbseservices.digilocker.gov.in എന്ന വെബ്സൈറ്റ് തുറക്കുക.
2. ഹോം പേജിലെ "Get Started" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ സ്കൂളിൽ നിന്ന് ലഭിച്ച 6 അക്ക Access Code, ആവശ്യമായ മറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തുക.
4. മൊബൈൽ വെരിഫിക്കേഷൻ: നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ഉടൻ ഫോണിലേക്ക് ഒടിപി (One Time Password) ലഭിക്കും.
5. ഒടിപി ടൈപ്പ് ചെയ്ത് 'Submit' ബട്ടൺ അമർത്തുക. ഡിജിലോക്കർ അക്കൗണ്ട് തയാര്‍!
തിരക്ക് ഒഴിവാക്കാൻ ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ ഡിജിലോക്കര്‍ അക്കൗണ്ട് തയ്യാറാക്കി വെക്കുന്നതാണ് നല്ലത്.
ഉമംഗ് (UMANG) ആപ്പ്
1. സ്മാർട്ട്ഫോണിൽ ഉമംഗ് ആപ്പ് ഉപയോഗിച്ച് വളരെ വേഗത്തിൽ ഫലം അറിയാം
2. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക.
3. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
4. ആപ്പിലെ സെർച്ച് ബാറിൽ 'CBSE' എന്ന് തിരയുക.
5. നിങ്ങളുടെ ക്ലാസ് (പത്താം ക്ലാസ്/പന്ത്രണ്ടാം ക്ലാസ്) തിരഞ്ഞെടുക്കുക.
6. റോൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ വിവരങ്ങൾ നൽകി സ്കോർകാർഡ് കാണാം.
എസ്എംഎസ് (SMS) വഴി
ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്ക് ഈ രീതി ഉപയോഗിക്കാം. നിശ്ചിത ഫോർമാറ്റിൽ സന്ദേശം അയച്ചാൽ ഉടൻ മാർക്ക് ലഭിക്കും. CBSE10 [Space] Roll Number [Space] DOB [Space] School Number [Space] Centre Number എന്ന ഫോര്‍മാറ്റില്‍ ബോർഡ് നൽകിയിട്ടുള്ള ഔദ്യോഗിക നമ്പറിലേക്ക് എസ്എംഎസ് അയക്കുക. നമ്പർ ഫലപ്രഖ്യാപന സമയത്ത് സിബിഎസ്ഇ അറിയിക്കും.
ഐവിആർഎസ് (IVRS)
ലാൻഡ്‌ലൈൻ വഴി ഫോൺ വിളിച്ചും ഫലം അറിയാം. ഡൽഹിയിലുള്ളവർ: 24300699 എന്ന നമ്പറിൽ വിളിക്കുക. മറ്റ് പ്രദേശങ്ങളിലുള്ളവർ: 011-24300699 എന്ന നമ്പറിൽ വിളിക്കുക. നിർദ്ദേശങ്ങൾ കേട്ട് അതിനനുസരിച്ച് റോൾ നമ്പറും മറ്റും നൽകിയാൽ വോയിസ് റെസ്പോൺസ് വഴി മാർക്ക് അറിയാം.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന ഡിജിറ്റൽ മാർക്ക് ലിസ്റ്റുകൾ ഉന്നത വിദ്യാഭ്യാസത്തിനായുള്ള അഡ്മിഷൻ നടപടികൾക്ക് ഔദ്യോഗികമായി ഉപയോഗിക്കാം. മാർക്ക് ലിസ്റ്റുകളുടെ ഒറിജിനൽ സ്കൂളുകൾ വഴി പിന്നീട് വിതരണം ചെയ്യുമെന്ന് സിബിഎസ്ഇ അറിയിച്ചു.