സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ അര്‍ധ വാര്‍ഷിക പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 15ന് ആരംഭിക്കുന്ന പരീക്ഷകള്‍ 23ന് അവസാനിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതലും ഉച്ചയ്ക്ക് 1.30 മുതലുമാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പരീക്ഷകള്‍ രണ്ട് മണിക്കേ ആരംഭിക്കുകയുള്ളൂ. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം കൂടി ചേര്‍ന്നതാണ് ഇത്തവണത്തെയും സമയക്രമം.
അതേസമയം, ക്രിസ്മസ് അവധി ഡിസംബര്‍ 24ന് ആരംഭിച്ച് ജനുവരി നാലിന് അവസാനിക്കും. ജനുവരി അഞ്ചിന് സ്കൂള്‍ വീണ്ടും തുറക്കും. 12 ദിവസമാണ് അവധിയായി ലഭിക്കുക. മുന്‍ നിശ്ചയിച്ച അക്കാദമിക് കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11 മുതല്‍ 19 വരെയാണ് പരീക്ഷ നടത്താനിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി ഒന്‍പതിനും 11നും നടക്കുന്നതിനാലും 13ന് വോട്ടെണ്ണലുള്ളതിനാലും ഇവ പൂര്‍ത്തിയായ ശേഷം തുടങ്ങുന്ന തരത്തില്‍ പുനക്രമീകരിക്കുകയായിരുന്നു.