സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റമുണ്ടാകണമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫും ലക്ഷ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമെഴ്സ് എംഡി ഓര്‍വെല്‍ ലയണലും. സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് തൊഴിലിന് വേണ്ട ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും തൊഴില്‍ ദാതാക്കള്‍ ആഗ്രഹിക്കുന്ന കഴിവുകള്‍ വിദ്യാര്‍ഥികളില്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ടോം ജോസഫ് പറഞ്ഞു. സ്വകാര്യവത്കരണം വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന ചിന്ത മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സ്വകാര്യവത്കരണം സഹായിക്കുമെന്നും സംവാദത്തില്‍ ഇരുവരും അഭിപ്രായപ്പെട്ടു. ജനസംഖ്യ വര്‍ധിച്ചതിനാല്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിധിയുണ്ട്. ഇത് മറികടക്കാന്‍ സ്വകാര്യ വല്‍ക്കരണം പ്രോല്‍സാഹിപ്പിക്കണം. വിദേശ സര്‍വകലാശാലകള്‍ വരണം. ദക്ഷിണേഷ്യയിലെ തന്നെ വിദ്യാഭ്യാസ ഹബ്ബായി മാറാനുള്ള ശേഷി കേരളത്തിനുണ്ട്. അത് പ്രയോജനപ്പെടുത്തണമെന്നും ഇരുവരും പറയുന്നു. മറ്റു രാജ്യങ്ങളിലെ കുട്ടികളെ ആകര്‍ഷിക്കാന്‍ കേരളത്തിന് കഴിയും. റീജനല്‍ എഡ്യുക്കേഷന്‍ ഹബ്ബെന്ന സ്വപ്നത്തിലേക്ക് മാറണം. യു.കെ കേരളത്തിന് ഉദാഹരണമായി മുന്നിലുണ്ടെന്നും ടോം വിശദീകരിച്ചു.
അതേസമയം, കേരളത്തില്‍ നിന്ന് കുട്ടികള്‍ പുറത്തേക്ക് പോകുന്നത് തടയണമെങ്കില്‍ ഉന്നത വിദ്യാഭ്യാസ മേഖല ഗുണനിലവാരം കൈവരിക്കുകയാണ് വേണ്ടതെന്ന് ഓര്‍വെല്‍ ലയണല്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം, സ്വകാര്യത ഒക്കെയാണ് വിദേശത്തേക്ക് ചേക്കേറാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ചുറ്റുപാടുകള്‍ കൂടുതല്‍ വികസിതമാകുകയാണ് വേണ്ടത്. അതിനായി സ്കൂള്‍ തലം മുതല്‍ ബോധവത്കരണം ആവശ്യമാണെന്നും കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള സാഹചര്യം വേണമെന്നും ഇതിനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.