AI Generated Image

അമേരിക്കയ്ക്കും കാനഡയ്ക്കും പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കി ഓസ്ട്രേലിയയും. ഇതിന്‍റെ ഭാഗമായി ഗുജറാത്ത് അടക്കം ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥി വീസകളുടെ ദുരുപയോഗം തടയാനാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരുകാലത്ത് ഇന്ത്യന്‍ വിദേശ വിദ്യാര്‍ഥികളുടെ ഏറ്റവും സുരക്ഷിതമായ ലക്ഷ്യ സ്ഥാനമായിരുന്നു ഓസ്ട്രേലിയ.

ഫെഡറേഷന്‍ സര്‍വകലാശാല, വെസ്റ്റേണ്‍ സി‍ഡ്നി സര്‍വകലാശാല, വിക്ടോറിയ സര്‍വകലാശാല, സതേണ്‍ ക്രോസ് സര്‍വകലാശാല തുടങ്ങിയ ഓസ്ട്രേലിയന്‍ സര്‍വകലാശാലകളാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ്, ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി വീസകള്‍ക്കാണ് നിയന്ത്രണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന വിദ്യാര്‍ഥികളുടെ ആദ്യ മൂന്ന് ചോയിസുകളില്‍ ഒന്നാണ് ഓസ്ട്രേലിയ. വിദേശ പഠനം തിരഞ്ഞെടുക്കുന്നവരില്‍ ശരാശരി 20 ശതമാനം പേരെങ്കിലും സംസ്ഥാനത്ത് ഓസ്ട്രേലിയ തിരഞ്ഞെടുക്കുന്നു എന്നാണ് കണക്കുകള്‍.

വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല വീസ– വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍റുകള്‍ക്കും തലയ്ക്കേറ്റ അടിയായിരിക്കുകയാണ് ഈ റിപ്പോര്‍ട്ടുകള്‍. ഈ നിരോധനം വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ കുറയ്ക്കുമെന്നും വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന 100 ല്‍ 20 വിദ്യാര്‍ഥികളെയെങ്കിലും നേരിട്ട് ബാധിക്കുമെന്നും ഫോറിന്‍ എജുക്കേഷന്‍ കണ്‍സള്‍‌ട്ടന്‍റായ ഭവിന്‍ ടൈംസിനോട് പറഞ്ഞു. അതേസമയം ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നയങ്ങള്‍ സത്യസന്ധരായ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത്തരം വിദ്യാര്‍ഥികളെ എളുപ്പം അക്കാഡമിക് സ്കോറും പശ്ചാത്തലവും അവരുടെ ലക്ഷ്യങ്ങളിലൂടെയും മനസിലാക്കാവുന്നതേയുള്ളൂ എന്നും വിസ കണ്‍സള്‍ട്ടന്‍റ് ലളിത് പറഞ്ഞു. 

അതേസമയം ഓസ്ട്രേലിയ നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹിയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മിഷന്‍ രംഗത്തുണ്ട്. ചില പ്രത്യേക ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ മാത്രം നിരോധിച്ചുവെന്നും 1,25000 വിദ്യാര്‍ഥികള്‍ നിലവില്‍ ഓസ്ട്രേലിയയില്‍ പഠനം നടത്തുന്നുണ്ടെന്നും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീസകള്‍ പരിഗണിക്കുന്നത് ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായി തുടരുമെവന്നും ഹൈകമ്മിഷണര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെയു അവര്‍ വച്ചുപുലര്‍ത്തുന്ന മൂല്യങ്ങളേയും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും ഡല്‍ഹിയിലെ ഓസ്ട്രേലിയന്‍ ഹൈകമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

After the United States and Canada, Australia has also tightened its immigration policies for Indian students. According to recent reports, student visas have been temporarily suspended for applicants from six Indian states, including Gujarat. The Times of India reports that the move aims to curb the misuse of student visas. Once considered one of the safest destinations for Indian international students, Australia is now implementing stricter regulations: Report