Thane: Students pose as they check their Maharashtra Board class XIIth exam results, in Thane, Wednesday, June 08, 2022. (PTI Photo)
(PTI06_08_2022_000096B)

പ്രതീകാത്മക ചിത്രം

2024 ജൂണില്‍ നടക്കാനിരിക്കുന്ന യുജിസി നെറ്റ് (യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ- നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ സമയം ഇന്ന് രാത്രിയോടെ അവസാനിക്കും. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദർശിച്ച് രാത്രി 11.59 വരെ അപേക്ഷ സമർപ്പിക്കാം. അതേസമയം മെയ് 21 മുതല്‍ മെയ് 23 വരെയായിരിക്കും‌ അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം. രജിസ്റ്റർ ചെയ്തവര്‍ക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ മുഖേന മെയ് 20ന് രാത്രി 11.59 വരെ ഫീസ് അടയ്‌ക്കാനും സൗകര്യമുണ്ട്. 

ജൂൺ 18 നാണ് നെറ്റ് പരീക്ഷ നടക്കുക. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എന്‍ടിഎ) പരീക്ഷ നടത്തുന്നത്. ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇമെയിൽ വഴിയോ മൊബൈല്‍ നമ്പര്‍ വഴിയോ മറ്റു വിവരങ്ങള്‍ എന്‍ടിഎ അപേക്ഷകരെ അറിയിക്കും. രാജ്യമെമ്പാടും 181 നഗരങ്ങളിലായിരിക്കും പരീക്ഷ നടക്കുക. ഒഎംആര്‍ മോഡിൽ നടത്തുന്ന പരീക്ഷ 3 മണിക്കൂർ നീണ്ടുനിൽക്കും. 

അപേക്ഷിക്കാനുള്ള യോഗ്യത

യുജിസി അംഗീകരിച്ച സർവ്വകലാശാലകളില്‍ നിന്ന് ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ തത്തുല്യ പരീക്ഷയോ 55% മാർക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള (ഒബിസി) നോൺ ക്രീമിലെയർ/പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷി/ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് 50% മാര്‍ക്ക് മതിയാകും.

പ്രായപരിധി

യുജിസി നെറ്റ് പ്രൊഫസർഷിപ്പ് പരീക്ഷ എഴുതുന്നതിന് പരമാവധി പ്രായപരിധിയില്ല. എന്നാല്‍ 30 വയസിന് താഴെയുള്ളവര്‍ക്കാണ് ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് (ജെആർഎഫ്) അപേക്ഷിക്കാന്‍ സാധിക്കുക. അതേസമയം സ്ത്രീകള്‍ക്കും (ഒബിസി) നോൺ ക്രീമിലെയർ/പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷി/ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രായപരിധിയില്‍ 5 വർഷം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.

അപേക്ഷാ ഫീസ്

ജനറല്‍/അണ്‍ റിസര്‍വഡ് അപേക്ഷകർക്ക് 1,150 രൂപയാണ് അപേക്ഷാ ഫീസ്. ജനറൽ- EWS/OBC(NCL) ഉദ്യോഗാർത്ഥികൾ 600 രൂപയും പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷി/ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍‌ക്ക് 325 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍ടിഎ ഹെൽപ്പ്‌ലൈന്‍ നമ്പറായ 011-40759000/011-69227700 അല്ലെങ്കിൽ ugcnet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ENGLISH SUMMARY:

UGC NET 2024 Registration ends today night