miss-universe-jennifer

75 വർഷത്തെ ചരിത്രത്തിലാദ്യമായി വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യത്തെ  അമ്മയുമായിരിക്കയാണ് പ്യൂർട്ടോ റിക്കൻ സുന്ദരി ജെന്നിഫർ ബാരെറ്റോ. 116 രാജ്യങ്ങൾ മാറ്റുരച്ച മത്സരത്തിൽ ഡോമനിക്കൻ സുന്ദരി മെലിസ ന്യൂനസ് ഫസ്റ്റ് റണ്ണറപ്പായി. വെനസ്വേല, ഫിലീപ്പിൻസ് സുന്ദരിമാർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. 

'ഒരു പുതിയ രാജ്ഞി, ഒരു പുതിയ യുഗം! പ്യൂർട്ടോ റിക്കോയിലേക്ക് കിരീടം എത്തിച്ച നമ്മുടെ പുതിയ മിസ് യൂണിവേഴ്‌സ് ജെന്നിഫർ ബാരെറ്റോയ്ക്ക് അഭിനന്ദനങ്ങൾ,' എന്ന കുറിപ്പോടെയാണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ വിജയിയെ പ്രഖ്യാപിച്ചത്. 27 കാരിയായ ജെന്നിഫർ വിവാഹിതയും ഏഴു വയസുകാരി പെനലോപ്പിന്റെ അമ്മയുമാണ്. സൈക്കോളജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കിയ ജെന്നിഫർ സമൂഹക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാണ്. 

വിവാഹിതയായാലും അമ്മയായാലും സ്വപ്നങ്ങൾ നേടാൻ അതിർവരമ്പുകൾ ഒന്നുമില്ലെന്ന് ലോകത്തെമ്പാടുമുള്ള സ്ത്രീകളോട് പറഞ്ഞുവെയ്ക്കുന്നതാണ് സ്വന്തം മണ്ണിൽ ജെന്നിഫർ നേടിയ വിജയം. 1952ൽ ആരംഭിച്ച മിസ് യൂണിവേഴ്‌സ് മത്സരത്തിൽ 2023 ൽ മാത്രമാണ് വിവാഹതിയായ സ്ത്രീകൾക്കും അമ്മമാർക്കും മത്സരിക്കാൻ അനുമതി നൽകികൊണ്ട് സംഘാടകർ നിയമങ്ങളിൽ മാറ്റം വരുത്തിയത്. 

വോളിബോൾ പ്ലേയർ കൂടിയായ ജെന്നിഫർ, പ്യൂർട്ടോ റിക്കോയിലുടനീളമുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാണ്. പ്യൂർട്ടോ റിക്കോയിലെ പീഡിയാട്രിക് ഡയബറ്റിസ് അസോസിയേഷനിൽ അവർ സന്നദ്ധസേവനം നടത്തുന്നു. പ്രമേഹരോഗികളായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനും അതോടൊപ്പം ഈ അവസ്ഥയെക്കുറിച്ച് ബോധവത്കരണം നടത്താനും അവർ പ്രവർത്തിക്കുന്നു.

കേരളത്തിൽ നിന്നുള്ള കെസിയ ലിസ് മെജോയാണ് മിസ് യുണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. എന്നാൽ ആദ്യ 12 ൽ ഇടം നേടാനാകാതെ കെസിയ പുറത്തായി. 3,150 വജ്രങ്ങൾ കൊണ്ടുണ്ടാക്കിയ മിസ് യൂണിവേഴ്സിന്‍റെ  ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ആഘോഷിക്കുന്ന ഒരു അസാധാരണ കിരീടമായിരുന്നു ഇത്തവണത്തേത്. പാരമ്പര്യത്തിന്റെ തിളക്കവും ആധുനികതയുടെ പ്രൗഢിയും ഒത്തുചേരുന്ന 'ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി' എന്നാണ് പുതിയ കിരീടത്തിനു പേരു നൽകിയിരിക്കുന്നത്.

 

ENGLISH SUMMARY:

Miss Universe winner 2026 Jennifer Barreto has made history as the first mother and married woman to win the prestigious title in its 75-year legacy. Representing Puerto Rico, her groundbreaking victory breaks traditional barriers and inspires women globally to pursue their dreams without limits.