പാരിസ് ഫാഷൻ വീക്കിലെ 'എക്സ്പ്രസ് യുവർ വർത്ത്' ഷോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഈഫൽ ടവറിന് സമീപം നടന്ന 'ലെ ഡെഫിലെ' എന്ന ചടങ്ങിൽ ഐശ്വര്യ റായി, വയോള ഡേവിസ്, ക്രിസ്റ്റൻ ബെൽ, സൈമൺ ആഷ്‌ലി, ഇവാ ലോംഗോറിയ, കെൻഡൽ ജെന്നർ തുടങ്ങി പ്രമുഖ താരങ്ങള്‍ ഷോയില്‍ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു. താരങ്ങളുടെ റാമ്പ് വാക്ക് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ ഷോയിലെത്തിയ ഐശ്വര്യ റായിക്ക് നേരെ കടുത്ത അധിക്ഷേപമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ലോറിയൽ പാരിസിന് വേണ്ടിയാണ് ഐശ്വര്യ റാമ്പില്‍ എത്തിയിരുന്നത്. ഫാഷൻ ഷോയുടെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതിന് പിന്നാലെ, ഒരു വിഭാഗം ഐശ്വര്യയുടെ ശരീരഭാരത്തെയും മേക്കപ്പിനെയും ലക്ഷ്യമിട്ട് മോശം കമന്റുകൾ പങ്കുവെക്കാൻ തുടങ്ങി. നടിയുടെ വസ്ത്രധാരണത്തെയും മുഖഭാവങ്ങളെയും പരിഹസിച്ചുകൊണ്ടായിരുന്നു ഈ അധിക്ഷേപങ്ങൾ. ഐശ്വര്യ തന്‍റെ സൗന്ദര്യം പരിപാലിക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്നും ഫെയ്സ്യോഗ ചെയ്ത് മുഖത്തിന്‍റെ ആകൃതി നിലനിര്‍ത്തിക്കൂടെയെന്നും ഇവര്‍ ചോദിക്കുന്നു. ശില്‍പ്പ ഷെട്ടിയെ ഐശ്വര്യ കണ്ടുപഠിക്കണമെന്നാണ് വിമര്‍ശകരുടെ മറ്റൊരു ആവശ്യം.
എന്നാൽ ഈ നെഗറ്റീവ് കമന്റുകൾക്ക് എതിരെ വലിയൊരു വിഭാഗം ആരാധകരും രംഗത്തെത്തി. സ്ത്രീകളുടെ ശരീരത്തെ നിരന്തരം പൊതുവിമർശനത്തിന് വിധേയമാക്കുന്നതിനെ അവർ ശക്തമായി എതിർത്തു. ഐശ്വര്യ ഒരു അമ്മയാണെന്നും 50 പിന്നിട്ട സ്ത്രീയാണെന്നും ഇവര്‍ വിമര്‍ശകരെ ഓര്‍മിപ്പിച്ചു. ഇതിന് പുറമേ തന്‍റെ ശരീരം എങ്ങനെ സൂക്ഷിക്കണം, എങ്ങനെ കാണപ്പെടണമെന്നത് ഒരു വ്യക്തിയുടെ മാത്രം ചോയിസാണെന്നും ഇവര്‍ പറയുന്നു.
2003-ലാണ് ഐശ്വര്യ റായ് ലോറിയൽ പാരിസിന്റെ അന്താരാഷ്ട്ര അംബാസഡറാകുന്നത്. ബ്രാന്‍ഡിന്‍റെ അംബാസിഡറാവുന്ന ആദ്യ ഇന്ത്യൻ നടിയായിരുന്നു അവര്‍. കഴിഞ്ഞ 24 വർഷങ്ങളായി കാൻസ് ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ ബ്രാൻഡിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രമുഖ മുഖമാണ് ഐശ്വര്യ.