വേനൽക്കാലത്ത് മാത്രമാണോ സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടത്? മഴക്കാലത്ത് ഉപയോഗിക്കേണ്ടതില്ലേ? കാലാവസ്ഥ മാറുമ്പോൾ ഭൂരിഭാഗം ആളുകൾക്കും ഉള്ള സംശയമാണിത്. സൂര്യാഘാത സാധ്യത കുറവാണെന്ന് കരുതി മഴക്കാലത്ത് സൺസ്‌ക്രീൻ ഉപയോഗികാതിരുന്നാൽ അത് ചർമ്മസംരക്ഷണത്തിൽ വരുത്തുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നായിരിക്കും എന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്.

മഴക്കാലത്തെ മേഘങ്ങൾ സൂര്യപ്രകാശത്തെ തടഞ്ഞേക്കാം, എന്നാൽ അവ ദോഷകരമായ അൾട്രാവയലറ്റ് (UV) രശ്മികൾ നമ്മുടെ ചർമ്മത്തിൽ എത്തുന്നത് പൂർണ്ണമായും തടയുന്നില്ല. 80% വരെ അൾട്രാവയലറ്റ് രശ്മികൾ മേഘങ്ങൾക്കിടയിലൂടെ തുളച്ചുകയറുകയും സൂര്യൻ ദൃശ്യമല്ലാത്തപ്പോൾ പോലും നമ്മുടെ ചർമ്മത്തിൽ എത്തുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ തന്നെ സൺസ്‌ക്രീൻ വേനൽക്കാല ദിവസങ്ങളിൽ മാത്രമല്ല, മഴക്കാലം ഉൾപ്പെടെ എല്ലാ ദിവസവും ചർമ്മസംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു. 

അകാല വാർദ്ധക്യം, പിഗ്മെന്റേഷൻ, ദീർഘകാല ചർമ്മ കേടുപാടുകൾ എന്നിവയ്ക്ക് അൾട്രാവയലറ്റ് (UV) രശ്മികൾ കാരണമാവുകയും ചെയ്യുന്നു. മഴക്കാലത്തിനു ശേഷം പലരിലും ടാനിംഗ് വഷളാകുകായും ചർമ്മത്തിന്റെ നിറം വ്യത്യസ്തമാകുകായും ചെയ്യും. വേനൽക്കാലത്ത് സൂര്യതാപം എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടും. എന്നാൽ മഴക്കാലത്ത് അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. 

തുടർച്ചയായി സൂര്യതാപമേൽക്കുന്നത്, കൊളാജൻ തകർച്ച ത്വരിതപ്പെടുത്തുകയും ചർമ്മത്തിന്റെ പിഗ്മെന്റേഷൻ വർദ്ധിപ്പിക്കുകയും മുഖക്കുരു പാടുകൾ മങ്ങുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും. കൂടാതെ ചർമ്മത്തിന്റെ വാർദ്ധക്യത്തിനും കാരണമാകും. ചർമ്മ കാൻസറിനുള്ള ദീർഘകാല സാധ്യത വർദ്ധിപ്പിക്കുക പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.

ശരിയായ സൺസ്ക്രീൻ എങ്ങനെ തിരഞ്ഞെടുക്കാം

UVA, UVB സംരക്ഷണം, SPF 30 അല്ലെങ്കിൽ അതിൽ കൂടുതൽ PA+++ ഉള്ളവ തിരഞ്ഞെടുക്കുക. കൂടുതൽ സമയം പുറത്ത് ചെലവഴിക്കുന്നുണ്ടെങ്കിൽ രാവിലെ ഒരു പ്രാവിശ്യം സൺസ്‌ക്രീൻ പുരട്ടുന്നത് മതിയാകില്ല. അങ്ങനെയുള്ളവർ ഓരോ രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ സൺസ്‌ക്രീൻ വീണ്ടും പുരട്ടണം. തുടർച്ചയായി വീണ്ടും പുരട്ടുന്നത് ദിവസം മുഴുവൻ സംരക്ഷണം ഉറപ്പാക്കുന്നു. മാത്രമല്ല, ഇത് വർഷം മുഴുവനും ആരോഗ്യകരമായ ചർമ്മം നിലനിർത്താനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ്.

ENGLISH SUMMARY:

Sunscreen during monsoon is crucial for year-round skin health. While clouds may seem to block the sun, harmful UV rays can still penetrate and damage your skin, leading to premature aging and pigmentation.