സ്തനത്തിന്റെയും നിതംബത്തിൻ്റെയും വലിപ്പംകൂട്ടാൻ ശസ്ത്രക്രിയ നടത്തിയ പതിന്നാലുകാരിക്ക് ദാരുണാന്ത്യം. മെക്സിക്കോയിലാണ് സംഭവം. പലോമ നിക്കോൾ അരെല്ലാനോ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ അമ്മയുടെ കാമുകനും പ്ലാസ്റ്റിക് സർജനുമായ കാമുകനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഒരാഴ്ച മുൻപാണ് ശസ്ത്രക്രിയ നടന്നത്. തലച്ചോറിൽ നീർക്കെട്ടും ഹൃദയസംബന്ധമായ പ്രശ്നങ്ങളും കാരണം കോമയിലായിരുന്ന പലോമ, ഡുറാൻഗോയിലുള്ള ഒരാശുപത്രിയിൽവെച്ചാണ് മരിച്ചത്. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ടാണ് മകൾ മരിക്കാനിടയായതെന്ന് അച്ഛനെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ, സംസ്കാരച്ചടങ്ങിനിടെ ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പങ്കാളിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുകയായിരുന്നു.