Image Credit : Facebook/Instagram
സ്വാഭാവിക രൂപം മടുത്തെന്നും മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാകണമെന്നും ആഗ്രഹിച്ച യുവതി സൗന്ദര്യവര്‍ധക ചികില്‍സയ്ക്കായി മുടക്കിയത് ലക്ഷങ്ങള്‍. ബൾഗേറിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവാനോവയാണ് മനസിനിണങ്ങിയ രൂപത്തിലേക്ക് മാറാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയത്. ചുണ്ടുകള്‍ ആകര്‍ഷകമാക്കണമെന്നതായിരുന്നു ആൻഡ്രിയയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി ആൻഡ്രിയ ചെലവാക്കിയതാകട്ടെ 22 ലക്ഷം രൂപയും. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ തന്റേതാണെന്നാണ് ആൻഡ്രിയ ഇവാനോവ പറയുന്നത്.
ഒരുകാലത്ത് നഴ്സിങ് അസിസ്റ്റന്‍റായി ലളിതജീവിതം നയിച്ചിരുന്ന ആന്‍ഡ്രിയ ശരീരവും രൂപവും സ്വയം മടുപ്പിക്കുന്നുവെന്ന് തോന്നിത്തുടങ്ങിയതോടെയാണ് മൊത്തത്തിലൊരു മേക്കോവറിന് തയാറായത്. തുടക്കത്തില്‍ ലിപ് ഫില്ലറുകളും കുത്തിവെപ്പുകളും എടുത്ത് മുഖത്ത് മാറ്റങ്ങള്‍ വരുത്തിയെങ്കിലും അതുകൊണ്ടൊന്നും ആന്‍ഡ്രിയ തൃപ്തയായില്ല. ചുണ്ടുകളുടെ വലുപ്പത്തിനായിരുന്നു ആന്‍ഡ്രിയ ഏറ്റവുമധികം പ്രാധാന്യം നല്‍കിയത്. ചുണ്ടുകളുടെ വലിപ്പംകൂട്ടാൻ ഒറ്റദിവസം ആറ് സര്‍ജറികള്‍ക്ക് ആന്‍ഡ്രിയ വിധേയയായി. 2018 മുതലാണ് രൂപമാറ്റത്തിനായി ആന്‍ഡ്രിയ ചികില്‍സയാരംഭിച്ചത്. ഇതുവരെ 43 കോസ്മെറ്റിക് സര്‍ജറികള്‍ക്ക് താന്‍ വിധേയയായെന്ന് ആന്‍ഡ്രിയ പറയുന്നു.
ലിപ് ഓഗ്മെന്‍റേഷന്‍, ചിന്‍ ഷേപ്പിങ് (കവിളെല്ലുകള്‍ക്കുളള ചികില്‍സ), ജോ ഷേപ്പിങ് (താടിയെല്ലുകള്‍ക്കുളള ചികില്‍സ) എന്നിങ്ങനെ പോകുന്നു ആന്‍ഡ്രിയ സ്വീകരിച്ച ചികില്‍സാരീതികള്‍. കവിളിന്‍റെ ഘടനയും വലുപ്പവും ഇഷ്ടാനുസരണം മാറ്റാന്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ആന്‍ഡ്രിയ ചെലവാക്കിയത്. അതേസമയം, ഇത്രയധികം മാറ്റങ്ങൾ ശരീരത്തിൽ വരുത്തിയതിന്റെ പേരിൽ ആരോഗ്യ വിദഗ്ധരിൽ നിന്നും തനിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആൻഡ്രിയ പറയുന്നു. കൂടുതൽ കുത്തിവെപ്പുകൾ നൽകാൻ പല ഡോക്ടർമാരും വിസമ്മതിക്കുകയാണ്. പക്ഷേ തന്‍റെ സ്വപ്നത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആന്‍ഡ്രിയ പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ആന്‍ഡ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്നുണ്ടെങ്കിലും അതൊന്നും തന്നെ ബാധിക്കില്ലെന്നും ആന്‍ഡ്രിയ പറയുന്നു. കൂടുതല്‍ സര്‍ജറികള്‍ ഇനിയും പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അതെല്ലാം ഞാന്‍ എനിക്ക് തന്നെ നല്‍കുന്ന സമ്മാനമാണെന്നും ആന്‍ഡ്രിയ വ്യക്തമാക്കി.