ഗുണനിലവാരമില്ലാത്ത സൗന്ദര്യ വർദ്ധക വസ്തുക്കൾ പെരുകുമ്പോഴും ഇവ പരിശോധിക്കാൻ സംസ്ഥാനത്തുള്ളത് രണ്ട് സർക്കാർ ലാബുകൾ മാത്രം. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഈ ലാബുകൾ പ്രവർത്തിക്കുന്നത്. ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങളില്ലാത്തത് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ വിപണനം തടയുന്നതിന് തിരിച്ചടിയാകുകയാണ്. Also Read: ക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ ഒന്നാം സമ്മാനം 25 കോടി; മുഖ്യമന്ത്രി പ്രകാശനം ചെയ്തു
മലബാർ മേഖലയിൽ ഗുണനിലവാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമാണവും വിപണനവും വ്യാപകമാകുമ്പോഴും പരിശോധനാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളില്ല. തൃശൂരിലും കോന്നിയിലും മരുന്നുകൾ പരിശോധിക്കുന്നതിനായി ലാബുകളുണ്ടെങ്കിലും അവിടെ കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ പരിശോധന നടക്കുന്നില്ല. ഇതോടെ വടക്കൻ കേരളത്തിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള സൗകര്യം പരിമിതപ്പെടുകയാണ്.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള മേഖലയിൽ മരുന്നുകളുടെ പരിശോധനയ്ക്കും സർക്കാർ സംവിധാനങ്ങളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവിൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. എന്നാൽ സ്വകാര്യ ലാബുകളിലെ പരിശോധനയ്ക്ക് വലിയ തുക ചെലവാകുന്നതിനാൽ പലരും അതിന് തയ്യാറാകുന്നില്ല. കണ്ണൂർ പള്ളിക്കുന്നിൽ അനുവദിച്ച ഡ്രഗ്സ് കൺട്രോൾ ലബോറട്ടറിയുടെ നിർമാണം വൈകുന്നതും പരിശോധനാ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന് തടസ്സമാകുന്നു.
അതിനിടെ, മരുന്നുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഡ്രഗ് അനലിസ്റ്റുമാരുടെ നിയമനവും അനിശ്ചിതത്വത്തിലാണ്. പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമന നടപടികൾ ആരംഭിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. നിയമനം വൈകുന്നതിൽ ഉദ്യോഗാർത്ഥികൾക്കിടയിൽ പ്രതിഷേധവും ശക്തമാണ്.
നിലവിലുള്ള സർക്കാർ ലാബുകളിൽ കൂടുതൽ പരിശോധനാ സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഗുണനിലവാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാൽ ആവശ്യങ്ങൾ ഉയരുമ്പോഴും സർക്കാർ നടപടികൾ വൈകുന്നത് ഉപഭോക്താക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.