ശബരിമല സന്നിധാനത്ത് ഏറ്റവും സാഹസികമായി ജോലി ചെയ്യുന്നവരാണ് ഉടയ്ക്കുന്ന തേങ്ങ വാരുന്നവര്‍. ഏത് സമയവും പാഞ്ഞു വരുന്ന തേങ്ങയെ ഭയന്നുള്ള ജോലി. ലോഡ് കണക്കിന് ചാക്ക് തേങ്ങയാണ് ദിവസവും ട്രാക്ടറില്‍ മലയിറങ്ങുന്നത്.
പതിനെട്ടാം പടിയുടെ ഇരുഭാഗത്തുമായി തീര്‍ഥാടകര്‍ തുരുതുരെ എറിയുന്ന തേങ്ങ വാരിയെടുക്കണം. ക്രിക്കറ്റില്‍ ഉപയോഗിക്കും പോലെയുള്ള ഹെല്‍മറ്റുണ്ട്, ഗം ബൂട്ടുണ്ട്. എന്നാലും, ശരീരത്തില്‍ ഏറു കൊണ്ടാല്‍ കൊണ്ടത് തന്നെ. ഇനി ഏറു കൊണ്ടാലും ഉടഞ്ഞ തേങ്ങകള്‍ കോരണം. 18–ാം പടിക്ക് മുന്നിലെ ഭൂഗര്‍ഭ അറയിലേക്കാണ് ഉടഞ്ഞ തേങ്ങകള്‍ വീഴുന്നത്. തേങ്ങനിറയുന്തോറും കോരി താഴേക്ക് തള്ളിയിറക്കണം. കൊല്ലം സ്വദേശികളായ രാജീവും ലാലും ആറ് വര്‍ഷത്തിലധികമായി ഈ ജോലി ചെയ്യുന്നു. വലിയ അപകടങ്ങളൊന്നും പറ്റാതെ അയ്യപ്പന് കാക്കുമെന്നാണ് വിശ്വാസം.
ഭൂഗര്‍ഭ അറയിലേക്ക് വീഴുന്ന ഉടഞ്ഞ തേങ്ങകള്‍ വാരിമാറ്റുന്ന മറ്റൊരു കൂട്ടരുണ്ട്. കുട്ടകളിലാക്കി ചുമന്ന് കൊപ്രക്കളത്തില് എത്തിക്കണം. എട്ടുമണിക്കൂര്‍ തടരെ കൊട്ടയില്‍ ചുമന്ന് കൊപ്രക്കളത്തിലെ ചാക്കില്‍ നിറയ്ക്കണം. ശരീരത്തില്‍ റെയിന്‍ കോട്ടോ ചാക്കോ ഇടുന്നത് തേങ്ങയുടെ വെള്ളം ദേഹത്ത് വീഴാതിരിക്കാനാണ്. നൂറുകണക്കിന് ചാക്കുകളാണ് ട്രാക്ടറില്‍ പമ്പയിലേക്ക് പോകുന്നത്. പമ്പയില്‍ നിന്ന് ലോറിയില്‍ തിരുപ്പൂരിലെ കാങ്കയത്തേക്ക് പോകും.
നെയ്ത്തേങ്ങള് ഇവിടെത്തന്നെ കൊപ്രയാക്കും. 250 ല്‍ അധികം തൊഴിലാളികളാണ് കൊപ്രക്കളത്തില് പണിയെടുക്കുന്നത്. 24 മണിക്കൂറാണ് ജോലി. പരിമിതമായ സൗകര്യങ്ങളിലാണ് താമസം. മുന്‍പ് സന്നിധാനത്ത് തന്നെ പൂര്‍ണമായും കൊപ്രയാക്കിയിരുന്നു. സള്‍ഫര്‍ നിരോധനത്തോടെയാണ് അത് നിലച്ചത്. നേരത്തേ തേങ്ങ ഉണക്കാന്‍ ഉപയോഗിച്ചിരുന്ന ചേരുകളൊക്കെ ഇന്ന് തകര്‍ന്നു കിടക്കുകയാണ്.