കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ-ഏലമലനിരകളിൽ നിന്ന് രണ്ട് പുതിയ ശുദ്ധജല മത്സ്യയിനങ്ങളെ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ  വി.കെ. അനൂപ്, ഡോ. രാജീവ് രാഘവൻ, ന്യൂഡൽഹിയിലെ ശിവ് നാടാർ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എമിനൻസിലെ ഡോ. നീലേഷ് ദഹനൂക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പുതിയ മത്സ്യ ഇനങ്ങളെ കണ്ടെത്തിയത്.

പുതുതായി കണ്ടെത്തിയ മത്സ്യയിനങ്ങളിൽ ഒന്നിന് പ്രമുഖ ഗോത്രസമൂഹമായ മന്നാന്മാരോടുള്ള ആദരസൂചകമായി 'മീസോനീമാകൈലസ് മന്നനോരം' (Mesonoemacheilus mannanorum) എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രാദേശികമായി ഇവ 'കൊയ്മ' എന്നറിയപ്പെടും. ദക്ഷിണേന്ത്യയിൽ പരമ്പരാഗത രാജഭരണ സമ്പ്രദായം ഇന്നും പിന്തുടരുന്ന അപൂർവ ഗോത്രസമൂഹമാണ് മന്നാന്മാർ. പെരിയാർ കടുവാസങ്കേതത്തിനുള്ളിലെ അരുവികളിലാണ് ഇവയെ കണ്ടെത്തിയത്. ഈ മേഖലയിലെ മന്നാൻ ഗോത്രസമൂഹം ഇവിടെ മത്സ്യബന്ധനം നടത്താറുണ്ട്.

രണ്ടാമത്തെ ഇനത്തിന് ശബരിമലയുടെ പേരിൽ 'മീസോനീമാകൈലസ് ശബരിയെൻസിസ്' (Mesonoemacheilus sabariensis) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 'കൊയ്ത്ത' എന്നാണ് ഇതിന്റെ മലയാളം പേര്. പമ്പ നദീതടത്തിലെ അങ്ങമൂഴിക്ക് സമീപമുള്ള അരുവികളിലാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്.

കേരളത്തിന്റെ സമ്പന്നവും എന്നാൽ ഇനിയും പൂർണമായി പഠിക്കപ്പെടാത്തതുമായ ശുദ്ധജല ജൈവവൈവിധ്യത്തിലേക്കുള്ള നിർണായക സംഭാവനയാണ് ഈ കണ്ടെത്തൽ. പഠനഫലങ്ങൾ പ്രമുഖ അന്താരാഷ്ട്ര ശാസ്ത്രജേണലായ 'ജേണൽ ഓഫ് ഫിഷ് ബയോളജി'യിൽ (Journal of Fish Biology) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

New freshwater fish species Kerala starts with the recent discovery of two unique freshwater fish species in the Western Ghats by researchers from KUFOS and Shiv Nadar Institution. This landmark finding highlights the rich and unexplored aquatic biodiversity of the region, with results published in the Journal of Fish Biology.