ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി,വി.രാജേഷും കുറ്റവിമുക്തരായി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി 33 പ്രതികളില്‍ 18 പേരെ വെറുതെവിട്ടത്. അപ്പീല്‍ പോകണമെന്ന നിലപാടിലാണ് ഷുക്കൂറിന്റെ ബന്ധുക്കളെങ്കിലും രാഷ്ട്രീയമായും വ്യക്തിപരമായും ജയരാജന് ഈ വിധി ആശ്വാസകരമാണ്. പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ജയരാജനെ സംബന്ധിച്ചിടത്തോളം നിയമപോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. കതിരൂര്‍ മനോജ് വധക്കേസ് ഇനിയും തീരാനുണ്ട്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നാണ് കതിരൂര്‍ മനോജ് വധം. 2014 സെപ്റ്റംബര്‍ ഒന്നിന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് എളന്തോട്ടത്തില്‍ മനോജ് (42) കൊല്ലപ്പെട്ടതാണ് കേസ്. വിചാരണ പൂര്‍ത്തിയായിട്ടില്ല. വിധിവരാന്‍ ഇനിയും കാത്തിരിക്കണം.
സംഭവദിവസം രാവിലെ 11 മണിയോടെ സുഹൃത്ത് പ്രമോദിനൊപ്പം വാനില്‍ സഞ്ചരിക്കുകയായിരുന്ന മനോജിന് നേരെ ആക്രമിസംഘം ബോംബെറിഞ്ഞു. നിയന്ത്രണം വിട്ട് മറിഞ്ഞ വാനില്‍ നിന്ന് മനോജിനെ വലിച്ച് പുറത്തിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 1999-ൽ പി.ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ്, പിന്നീട് സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സിബിഐ ഏറ്റെടുത്തു. സിപിഎം പ്രവർത്തകനായ വിക്രമൻ ഒന്നാം പ്രതിയും അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ 25-ാം പ്രതിയുമാണ്. പൊതുജനങ്ങളിൽ ഭീതി പരത്തുന്ന രീതിയിൽ ബോംബെറിഞ്ഞ് ആക്രമണം നടത്തിയതിനാൽ പ്രതികൾക്കെതിരെ UAPA പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് സിബിഐ കേസെടുത്തത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ പി.ജയരാജനാണെന്നാണ് സിബിഐയുടെ ആരോപണം.
2016 ഫെബ്രുവരിയിൽ കീഴടങ്ങിയ പി.ജയരാജൻ ഏതാനും ആഴ്ചകൾ ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി. തനിക്കെതിരെ UAPA ചുമത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി. ജയരാജൻ കേരള ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും കോടതികൾ ഈ ആവശ്യം തള്ളുകയും വിചാരണ നേരിടാൻ നിർദ്ദേശിക്കുകയും ചെയ്തു.
2014-ൽ നടന്ന സംഭവമാണെങ്കിലും, മേൽക്കോടതികളിൽ പ്രതികൾ സമർപ്പിച്ച ഹർജികളും മറ്റും കാരണം വിചാരണ നടപടികൾ നീണ്ടുപോയി. അടുത്തിടെയാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ വേഗത്തിലാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. 25 പ്രതികളും, നൂറുകണക്കിന് സാക്ഷികളും, ഒട്ടേറെ രേഖകളുമുള്ള കേസാണിത്. സാക്ഷിവിസ്താരം പുരോഗമിക്കുകയാണ്.