കൊറിയൻ ആയോധനകലയായ തയ്‌ക്വാന്‍ഡോയിലൂടെ ഗിന്നസ് ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി കാസർകോട്ടെ 50 കുട്ടികൾ. തുടർച്ചയായി 50 മിനിറ്റ് തയ്ക്വാന്‍ഡോ അഭ്യസിച്ചാണ് ചെറുവത്തൂർ ഗ്രാൻഡ് മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാദമിയിലെ കുട്ടികളുടെ റെക്കോര്‍ഡ് നേട്ടം. അനിൽ മാസ്റ്ററുടെ ശിക്ഷണത്തിൽ ആറുമാസം നീണ്ട പരിശീലനത്തിനൊടുവിലാണ് അപൂർവ നേട്ടം.
50 കുട്ടികൾ... 50 മിനിറ്റ്... ഇടവേളയില്ലാതെ തയ്‌ക്വോണ്ടോ പരിശീലനം. ഒരുമിച്ചുള്ള ഈ പ്രകടനത്തിലൂടെ പിറന്നത് ലോക റെക്കോർഡ്. ലാർജസ്റ്റ് തയ്‌ക്വോണ്ടോ ലെസ്സൺ എന്ന വിഭാഗത്തിലാണ് കുട്ടികൾ ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. ഓഗസ്റ്റ് ഒൻപതിന് യുകെയിൽ നിന്നുള്ള ഔദ്യോഗിക നിരീക്ഷകരുടെ സാന്നിധ്യത്തിൽ അനിൽ മാസ്റ്ററും, ശിഷ്യരും നടത്തിയ പ്രകടനം ഗിന്നസ് ലോക റെക്കോർഡായി അംഗീകരിച്ചതോടെ ചെറുവത്തൂരിന് ഇത് അഭിമാന നിമിഷമായി.
ഹൈദരാബാദിലെ ജെ.ആർ. ഇന്‍റർനാഷണൽ തയ്‌ക്വോണ്ടോ അക്കാദമിയിലെ ഗ്രാൻഡ് മാസ്റ്ററും ഗിന്നസ് റെക്കോർഡ് ജേതാവുമായ ജയന്ത് റെഡ്ഡിയാണ് ഈ ഉദ്യമത്തിന് പ്രചോദനമായതെന്ന് ഇവർ പറയുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യത്യസ്ത പ്രായപരിധിയിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ആറുമാസത്തോളം നടത്തിയ കഠിന പരിശീലനത്തിന്‍റെ ഫലമാണ് ഈ ചരിത്രനേട്ടം.
ഇത് അനിൽ മാസ്റ്ററുടെയും ശിഷ്യരുടെയും ആദ്യ ഗിന്നസ് നേട്ടമല്ല. 2014ലും അനിൽ മാസ്റ്ററും ശിഷ്യരും ചേർന്ന് മറ്റൊരു ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നു. തയ്‌ക്വോണ്ടോയിൽ എട്ടാം ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അനിൽ മാസ്റ്റർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് നാഷണൽ സർട്ടിഫൈഡ് കോച്ച് ബിരുദവും നേടിയിട്ടുണ്ട്.