കാലം മായ്ച്ചുകളഞ്ഞ ഇന്നലെകളെ സ്വന്തം വീട്ടിൽ പുനർജനിപ്പിക്കുകയാണ് ഒരു കലാകാരൻ. വയനാട് പുൽപ്പള്ളി സ്വദേശിയായ ജിനോയുടെ വീട് ഇന്ന് അപൂർവ്വ പുരാവസ്തുക്കളുടെ വിസ്മയലോകമാണ്.

സ്കൂൾ കാലത്ത് സ്റ്റാമ്പുകൾ ശേഖരിച്ചു തുടങ്ങിയ കൗതുകം ഇന്ന് ഗ്രാമഫോണും അംബാസഡർ കാറും വരെ എത്തിനിൽക്കുന്നു. ഓർമ്മകളുടെ ഈ സംഗീതത്തിനൊപ്പം നമ്മൾ സഞ്ചരിക്കുന്നത് കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിലേക്കാണ്. കാലം മായ്ക്കാനാവാത്ത ഓർമ്മകളെ തേടിപ്പിടിക്കുകയാണ് വയനാട് പുൽപ്പള്ളി സ്വദേശിയായ ജിനോ. വീടിനെത്തന്നെ ചരിത്രമ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് ഈ കലാകാരൻ.   

കഴിഞ്ഞ എട്ടുവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ അപൂർവ്വ ശേഖരം. സ്കൂൾ കാലത്ത് സ്റ്റാമ്പുകൾ ശേഖരിച്ചു തുടങ്ങിയ കൗതുകം. പിന്നീട് ചരിത്രത്തോടുള്ള അടങ്ങാത്ത പ്രണയമായി വളർന്നു. ഒരുകാലത്ത് സ്വീകരണമുറികളിൽ പാട്ടുകളും വാർത്തകളും പെയ്തിറങ്ങിയ റേഡിയോകൾ. കറക്കി വിളിച്ചിരുന്ന പഴയകാല ടെലിഫോണുകൾ. ടേപ്പ് റെക്കോർഡറുകളും വ്യത്യസ്തതരം വിളക്കുകളുമെല്ലാമുണ്ട് ഇവിടെ 

സൂചികൾ നിലച്ചെങ്കിലും ഓർമ്മകൾക്ക് മരണമില്ലെന്ന് തെളിയിക്കുകയാണ് ഈ ശേഖരം. കാലത്തെ അളന്നുമുറിച്ച ക്ലോക്കുകളും, നിമിഷങ്ങളെ ഫിലിം റോളുകളിൽ ഒളിപ്പിച്ച വിന്റേജ് ക്യാമറകളും ഇവിടെയുണ്ട്. ഇത് കടന്നുപോയ ഒരു യുഗത്തിൻ്റെ നേർക്കാഴ്ചയാണ്. വീടിനുള്ളിലെ കാഴ്ചകൾക്കപ്പുറം മുറ്റത്തും ഒരത്ഭുതമുണ്ട്.

പ്രൗഢിയോടെ തലയുയർത്തി നിൽക്കുകയാണ് ഈ അംബാസഡർ കാർ. ഇന്നും നിരത്തുകളിലൂടെ ചീറിപ്പായുന്ന വാഹനം പഴമയോടുള്ള ജിനോയുടെ ഇഷ്ടമാണ്. കൗതുകത്തിനപ്പുറം, വരുംതലമുറയ്ക്ക് നമ്മുടെ പൈതൃകത്തെയും സംസ്കാരത്തെയും തൊട്ടറിയാനുള്ള ഒരിടമായി മാറുകയാണ് ഈ വീട്...

ENGLISH SUMMARY:

Malayala Manorama Online News highlights Jino, an artist from Wayanad who has transformed his home into a fascinating vintage museum featuring rare antiques and classic cars. This incredible eight-year collection preserves the rich heritage and nostalgia of a bygone era for future generations.