കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുൽമേടുകൾ. ചുറ്റും മഞ്ഞു പുതച്ച മൊട്ടക്കുന്നുകൾ. ഇടയ്ക്കിടെ പുൽമേടുകളിലേക്ക് എത്തുന്ന കാട്ടാനക്കൂട്ടം. മൂന്നാർ മാട്ടുപ്പെട്ടിയിലെ പ്രകൃതിയുടെ ഈ വിസ്മയക്കാഴ്ചകൾ ഇനി സഞ്ചാരികൾക്ക് അടുത്തുനിന്ന് ആസ്വദിക്കാം. പശു വളർത്തൽ കേന്ദ്രത്തിന്റെ പുൽമേടുകൾ സഞ്ചാരികൾക്കായി തുറന്ന് നൽകിയതോടെ മൂന്നാറിന്റെ ടൂറിസം ഭൂപടത്തിൽ പുതിയൊരു ഇടം കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ്  

തിരക്കുകളിൽനിന്ന് മാറി പ്രകൃതിയോട് ചേർന്നുനിൽക്കാൻ ഒരിടം. മലനിരകളുടെ പശ്ചാത്തലത്തിൽ പരന്നുകിടക്കുന്ന പുൽമേടുകൾ. കുളിർമയേകുന്ന കാലാവസ്ഥ. മാട്ടുപ്പെട്ടിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് വേറിട്ടൊരു കാഴ്ചാനുഭവമാണ്. മൂന്നാർ - വട്ടവട പാതയിൽ മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വിശാലമായ പുൽമേടുകൾ. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പശുവളർത്തൽ കേന്ദ്രത്തിന്റെ ഭാഗമായ പ്രാദേശമാണ് സഞ്ചാരികൾക്കായി തുറന്ന് നൽകിയത് 

മനുഷ്യസാന്നിധ്യം അധികമില്ലാത്ത പ്രദേശം ആനകളുടെ ഇഷ്ടസങ്കേതം കൂടിയാണ്. വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് ഒരുതരത്തിലും തടസമുണ്ടാകരുതെന്ന നിർദേശത്തോടെയാണ് സന്ദർശകരെ അനുവദിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 50 രൂപയും 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് 25 രൂപയുമാണ് പ്രവേശന നിരക്ക്. പുൽമേടുകളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിർദേശപ്രകാരം സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Munnar Mattupetty meadows are now open for tourists, offering breathtaking views of lush green grasslands, mist-clad hills, and occasional wild elephant sightings. This new eco-tourism destination managed by the Kerala Livestock Development Board provides a serene escape for travelers seeking nature.