HkCarbon

സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വീട് കോഴിക്കോട്ടെ വേങ്ങേരിയിലുണ്ട്. കാര്‍ബണിനെ പടിക്കുപുറത്ത് നിര്‍ത്തിയും പ്രകൃതിസംരക്ഷണത്തിന്‍റെ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കിയുമാണ് ബാബു പറമ്പത്തിന്‍റെ മേട, മാതൃകയാകുന്നത്. 

മഹാഗണിയും ജാതിയുമൊക്കെ തണല്‍വിരിച്ച് നില്‍ക്കുന്ന പച്ചപ്പിനുള്ളിലൊരു ഇരുനില വീട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന് കാണിച്ചു തരുന്ന മേട. മരങ്ങളും ചെടികളുമായി മേടയില്‍ പച്ചപ്പ് നിറഞ്ഞപ്പോള്‍ തേടിയെത്തിയതാണ് പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്‍റെ അംഗീകാരം.

​2010 ല്‍ വേങ്ങേരിയിലെ 12 സെന്‍റ് സ്ഥലത്ത് ബാബു ചെങ്കല്ലുകൊണ്ട് നിര്‍മിച്ച വീട്ടില്‍ വേനലില്‍ പോലും തണുപ്പ് നിറയും. മഴ വെള്ളം പാഴാവാതെയിരിക്കാന്‍ വീടിന് ചുറ്റും കരിങ്കല്ലും വെള്ളാരം കല്ലും പാകി. ഇതോടെ പെയ്തിറങ്ങുന്ന ഓരോ തുള്ളിയും മണ്ണിലേക്ക് ചേര്‍ന്ന് ഉറവയായി മാറും.

​ഫലവൃക്ഷങ്ങള്‍ക്ക് പുറമേ അശോകം, ഇലഞ്ഞി തുടങ്ങി 20 ഓളം മരങ്ങളുണ്ട് കുളിരേകാന്‍. കരയിലകള്‍ കമ്പോസ്റ്റാക്കി മാറ്റി പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിക്കും. പ്ലാസ്റ്റിക് മാലിന്യം മാത്രം എട്ടായി തരംതിരിച്ച് ഹരിതകര്‍മസേനയ്ക്ക് കൈമാറും. ഭക്ഷണാവിഷ്ടങ്ങള്‍ ബയോഗ്യാസ് പ്ലാന്‍റിലേക്ക് മാറ്റും. ഈ വാതകമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.

സരോര്‍ജ പാനലാണ് വൈദ്യുതിയുടെ ഉറവിടം. വോള്‍ട്ട് കുറഞ്ഞ എല്‍ഇഡി ബള്‍ബുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ ഇവിടെ പടിക്ക് പുറത്താണം. ​സിഡബ്ല്യൂആര്‍ഡിഎമ്മാണ് ആദ്യ കാര്‍ബണ്‍ സന്തുലിത ഭവനമായി ഈ വീടിനെ പ്രഖ്യാപിച്ചത്. 

​

ENGLISH SUMMARY:

Kerala’s first carbon-neutral home, named 'Meda', is located at Vengeri in Kozhikode and stands as a pioneering model for eco-friendly living.