കാന്‍സര്‍ ബാധിച്ച് കാഴ്ച കുറഞ്ഞപ്പോള്‍ കൃഷിയിടത്തിലെത്തുന്ന കുരങ്ങുകളെയും കാട്ടുപന്നികളെയും തുരത്താന്‍ കണ്ണൂര്‍ പുളിങ്ങോമിലെ ഐ.സി. ജോസഫ് പുത്തന്‍വിദ്യ കണ്ടുപിടിച്ചു. വൈദ്യുതിയും വലിയ ചിലവുമൊന്നുമില്ലാത്ത ഒരു യന്ത്രം. മലമുകളില്‍ നിന്ന് പമ്പ് ചെയ്തെത്തുന്ന വെള്ളം കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്‍റെ ശബ്ദം കേട്ട് ഓടുകയാണിപ്പോള്‍ കുരങ്ങും പന്നിയുമെല്ലാം.

ഇതിങ്ങനെ വെറുതെ കറങ്ങില്ല.. സമുദ്രനിരപ്പില്‍ നിന്ന് 2800 അടി ഉയരത്തിലുള്ള കൊട്ടത്തലച്ചി മലയില്‍ നിന്ന് പമ്പ് ചെയ്തെത്തുന്ന വെള്ളമാണ് ആയുധം. ഒമ്പതേക്കറിലേറെയുള്ള ജോസഫിന്‍റെ കൃഷിയിടത്തില്‍ സ്ഥിരം പ്രശ്നക്കാരായിരുന്നു കുരങ്ങുകളും കാട്ടുപന്നിയും മുള്ളന്‍പന്നിയുമെല്ലാം. തലച്ചോറിൽ കാൻസർ ബാധിച്ച ജോസഫിന് വന്യജീവികള്‍ ദുരിതം നല്‍കാന്‍ തുടങ്ങിയപ്പോഴാണ് ജലവൈദ്യുത നിലയങ്ങളുടെ ചെറുമാതൃകയില്‍ ടര്‍ബൈന്‍ കറക്കിയുള്ള യന്ത്രത്തെ കുറിച്ച് ആലോചിച്ചത്. പാറക്കെട്ടുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം പൈപ്പിലൂടെ യന്ത്രത്തിലേക്ക്. കുട്ടികളുടെ പഴയ സൈക്കിളിന്റെ മുൻഭാഗം ടർബൈനാക്കി.  ചക്രം ശക്തിയില്‍ കറങ്ങുമ്പോൾ ഇരുമ്പുതണ്ട് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറിൽ തട്ടി ശബ്ദമുണ്ടാകുന്നു.

വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നിടത്തോളം യന്ത്രത്തിന്‍റെ പ്രവര്‍ത്തനം മുടങ്ങില്ല. ശബ്ദംകേട്ട് ഇപ്പോള്‍ വില്ലന്മാര്‍ കൃഷിയിടത്തിലെത്തുന്നതും കുറഞ്ഞു. ശബ്ദം കേൾക്കുന്ന ദൂരത്തോളം ആശ്വാസം. നാലു വർഷം മുമ്പാണ് ഈ പരീക്ഷണം ആരംഭിച്ചത്. കയറിൽ ഘടിപ്പിച്ചും വിവിധ വസ്തുക്കൾ ഉപയോഗിച്ചും ശബ്ദമുണ്ടാക്കാനുള്ള മറ്റ് സംവിധാനങ്ങളും പരീക്ഷിച്ചിട്ടുണ്ട്. എല്ലാം കൃഷിയോടുള്ള കരുതലില്‍ നിന്നും പ്രതിസന്ധികളോട് പൊരുതാനുമുള്ള മനസില്‍ നിന്നുണ്ടായതാണ്.

ENGLISH SUMMARY:

IC Joseph Pulingom invented a low-cost, water-powered machine to drive away wild animals from his farm after cancer affected his vision. This ingenious device uses flowing water to rotate a turbine that strikes an empty gas cylinder, creating a loud noise to scare away monkeys and wild boars.