കാഴ്ചയുടെ പരിമിതികൾക്കപ്പുറം വിരലുകളിൽ വിരിയുന്ന താളവിസ്മയം. ഏഴാം ക്ലാസ് മുതൽ തബലയിൽ പതിഞ്ഞ വിരലുകൾ... കാഴ്ചശക്തിയുടെ 90 ശതമാനവും നഷ്ടപ്പെട്ട ചഞ്ചലിന് വെളിച്ചമുണ്ടെങ്കിൽ മാത്രമാണ് അല്പം വായിക്കാൻ കഴിയുക. എന്നാൽ തബലയ്ക്കു മുന്നിലെത്തുമ്പോൾ കാഴ്ചയുടെ പരിമിതികൾ പിന്നിലാകുന്നു. വിരലുകൾക്ക് മുന്നിൽ താളങ്ങളുടെ അനന്തമായ ലോകം തുറക്കുന്നു.
ദൂരദർശനിൽ കേട്ട പാട്ടുകളായിരുന്നു സംഗീതത്തിലേക്കുള്ള ആദ്യ വാതിൽ. കേട്ട താളങ്ങളോടുള്ള ഇഷ്ടം പതിയെ തബല പഠനമായി വളർന്നു. മനസ്സിൽ പതിഞ്ഞ സംഗീതം വിരലുകളിലൂടെ പുറത്തേക്ക് ഒഴുകിയപ്പോൾ ചഞ്ചൽ കണ്ടെത്തിയത് സ്വന്തം ലോകം. സംഗീതം വീടിന്‍റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിയില്ല. സ്കൂൾ കലോത്സവങ്ങളിലൂടെ മത്സരവേദികളിലേക്ക്. സബ് ജില്ലാ... ജില്ലാ... പിന്നിട്ട് സംസ്ഥാനതലത്തിലെ വിജയങ്ങളും. ഓരോ നേട്ടവും ചഞ്ചലിന്‍റെ ആത്മവിശ്വാസത്തിന് പുതിയ താളമായി. ഈ യാത്രയിൽ ചഞ്ചലിന് കരുത്തായത് വീട്ടുകാരുടെ പിന്തുണ.
പാട്ടും തബലയുമാണ് ചഞ്ചലിന്‍റെ ലോകം. ആ സംഗീതം വീടിന്‍റെ മുറ്റത്തേക്കും പടരുന്നു. താളത്തിനൊപ്പം തലയാട്ടി നിൽക്കുന്ന ചെടികൾക്കിടയിൽ ചഞ്ചൽ തീർക്കുന്നത് പ്രകൃതിയോടു ചേർന്നൊരു സംഗീതവിസ്മയം. കാഴ്ചയുടെ വെളിച്ചം മങ്ങിയപ്പോഴും സംഗീതത്തിന്റെ വെളിച്ചം കെടാതെ കാത്ത ചഞ്ചൽ, തബല വായനയിലൂടെ പറയുന്നത് വലിയ ജീവിതപാഠം. സ്വപ്നങ്ങൾക്ക് കാഴ്ചയേക്കാൾ വലുതാണ് മനസ്സിന്‍റെ കരുത്തെന്ന് ഓർമിപ്പിച്ചുകൊണ്ട് താളത്തിന്‍റെ ലോകത്ത് സ്വന്തം ഇടം കണ്ടെത്തുകയാണ് ചഞ്ചൽ.