കേരള തീരത്തു നിന്നു നിയമവിരുദ്ധമായി ചെറുമീനുകളെയും കടല്‍ ജീവികളെയും പിടികൂടി വളം നിര്‍മാണ ഫാക്ടറികളിലേക്കു കടത്തുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. കടലിന്റെ അടിത്തട്ട് ഊറ്റിയുള്ള ട്രോളിങ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണു സമര പ്രഖ്യാപനം.
അക്ഷരാര്‍ഥത്തില്‍ കടല്‍ ഊറ്റികഴിഞ്ഞെന്നാണു മനോരമ ന്യൂസിന്റെ കടലും ഊറ്റി കാംപെയിനോടുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതികരണം. വളം നിര്‍മാണത്തിനായുള്ള മത്സ്യബന്ധനം തടയാന്‍ നിയമം ഇല്ലെന്ന വാദം അംഗീകരിക്കില്ല. പലതവണ മന്ത്രിയടക്കമുള്ളവര്‍ക്കു ഇതുസംബന്ധിച്ചു കത്തുനല്‍കിയിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്നാണു സമര പ്രഖ്യാപനം.
നിയമ വിരുദ്ധ മത്സ്യബന്ധനം തടയാന്‍ കടലില്‍ പെട്രോളിങ് നടത്തുക, മീന്‍ കൊണ്ടുപോകുന്ന ലോറികള്‍ പരിശോധിക്കാന്‍ ഫിഷറീസ് വകുപ്പ് തയാറാവുക തുടങ്ങിയതാണ് ആവശ്യങ്ങള്‍. അടുത്ത ദിവസം വകുപ്പ് മന്ത്രിയെ കണ്ടു വിഷയത്തിന്റെ ഗൗരവം ബോധ്യപെടുത്താന്‍ വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ നീക്കവും തുടങ്ങി.