Mannarasala

TOPICS COVERED

ആലപ്പുഴ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ വിഖ്യാതമായ മണ്ണാറശാല ആയില്യം നാളെ. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവും കയ്യിലേന്തി, വലിയമ്മയുടെ ആചാരവിധിപ്രകാരമുള്ള എഴുന്നള്ളത്ത് ആയില്യം നാളെ ഉച്ചയ്ക്കാണ്.

പൂയം നാളായ ഇന്ന് രാവിലെ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ വലിയമ്മയുടെ കാർമികത്വത്തിൽ ഉച്ചപ്പൂജ നടക്കും. പൂയം തൊഴുതാൽ നാഗദോഷങ്ങൾ അകലുമെന്നാണു വിശ്വാസം. അനന്തഭാവത്തിലുള്ള തിരുവാഭരണമാണ് ഭഗവാനു ചാർത്തുന്നത്. രാത്രി 10ന് നടഅടയ്ക്കുന്നതുവരെ ദർശനമുണ്ട്.

എഴുന്നള്ളത്ത് അയില്യം നാളായ നാളെ ഉച്ചയ്ക്കാണ്. ഇളയമ്മ സർപ്പയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാർ നാഗചാമുണ്ഡി, നാഗയക്ഷി എന്നിവയുടെ നടയും തിടമ്പുമായി വലിയമ്മയെ അനുഗമിക്കും. 

രാജകീയ ചിഹ്നങ്ങളായ വെള്ളിക്കുട, ചാമരം, കാടി, പഞ്ചവാദ്യം, നാഗസ്വരം, കിൽ, ചെണ്ട, തിമില തുടങ്ങിവ അകമ്പടി സേവിക്കും. അരമണിക്കൂറോളം നീളുന്ന എഴുന്നള്ളത്ത് ഇല്ലത്തെ പുരാതന നിലവറയിലെത്തും. അവിടെ തളത്തിൽ തയാറാക്കിയ നാഗക്കളങ്ങളിൽ ബിംബങ്ങൾ സമർപ്പിച്ച് വലിയമ്മ ആയില്യം പൂജ തുടങ്ങും. മണിക്കൂറുകൾ നീളുന്ന പുജകൾ പൂർത്തിയാകുന്നതോടെ വലിയമ്മയുടെ അനുഗ്രഹം വാങ്ങി കുടുംബ കാരണവർ തട്ടിന്മേൽ നൂറും പാലും ചടങ്ങു നടത്തും. ഇതോടെയാണ് ആയില്യം നാളിലെ ചടങ്ങുകൾ അവസാനിക്കുക.