മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യസമന്ത്രി റോജി എം ജോൺ. പരിഹാസരൂപേണയാണ് റോജിയുടെ പ്രതികരണം. പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ഫോട്ടോ പങ്കുവെച്ച്, മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതും 'രക്ഷാപ്രവർത്തനവും' ഓർമ്മിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
'അല്ലയോ പ്രതിപക്ഷ നേതാവേ… എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടിൽ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് അങ്ങയെ പോലെ ഉന്നതമായ ‘ജനാധിപത്യബോധം’ ഞാനും കാണിക്കണമായിരുന്നു. അതല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കയ്യിൽ ചെടിച്ചട്ടിയോ അല്ലെങ്കിൽ ഹെൽമറ്റോ കൊടുത്ത് കുറച്ച് ആളുകളെകൊണ്ട് ‘രക്ഷാപ്രവർത്തനം’ നടത്തിച്ച് അങ്ങയെപ്പോലെ തികഞ്ഞ ‘മനുഷ്യത്വം’ ഉയർത്തിപ്പിടിക്കണമായിരുന്നു' എന്നാണ് റോജി പരിഹസിച്ചത്.
'അല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കറുത്ത ബാനർ, കറുത്ത മാസ്ക്, കറുത്ത വസ്ത്രം തുടങ്ങിയവയ്ക്ക് പരിപാടിയിൽ നിരോധനം ഏർപ്പെടുത്തി അങ്ങയെപ്പോലെ പ്രതിഷേധക്കാരോട് ഐക്യപ്പെടണമായിരുന്നു. അങ്ങയുടെ സഹപ്രവർത്തകരെപ്പോലെ മുദ്രാവാക്യം വിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല. എനിക്ക് ജനാധിപത്യത്തിന്റെ ഭാഷയെ വശമുള്ളൂ. അതെന്റെ കുറവാണെങ്കിൽ അതങ്ങനെ തന്നെ തുടരട്ടെ'- റോജി കുറിച്ചു.
മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണവും വിദ്യാർത്ഥികളെ പ്രതിചേർത്ത് പൊലീസ് നടത്തുന്ന ഭരണകൂട വേട്ടയും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്നായിരുന്നു പിണറായി വിജയന്റെ പോസ്റ്റ്.