മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം കഴിഞ്ഞാഴ്ചയാണ് അവസാനിച്ചത്. നീലക്കുറിഞ്ഞി കാണാതെ നിരാശരായി മടങ്ങിയവരും ഒരുപാടാണ്. അങ്ങനെയുള്ളവർക്ക് ധൈര്യമായി ഇനി മീശപ്പുലിമല കയറാം. മലനിരകളെ പൊതിഞ്ഞു നിൽക്കുന്ന കോടമഞ്ഞിനൊപ്പം വരയാടുകളും നീലക്കുറിഞ്ഞി വസന്തവും മനസിനെ കുളിരണിയിക്കും
കെ.എഫ്.ഡി.സി യുടെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് വനംവകുപ്പൊരുക്കിയ വാഹനത്തിലാണ് മീശപ്പുലിമലയിലേക്കുള്ള യാത്രയുടെ തുടക്കം. സൈലന്റ് വാലി എസ്റ്റേറ്റ് വഴി ബേസ് ക്യാമ്പിൽ എത്തി അവിടെ നിന്ന് അഞ്ച് കിലോമീറ്റർ ഓഫ് റോഡിലൂടെ സഞ്ചരിച്ചു വേണം ഈ കാഴ്ചയിലേക്ക് എത്താൻ.
നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനായി നാലുമണിക്കൂർ നീളുന്ന പ്രത്യേക പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. 1416 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്ര സൗകര്യം ലഘുഭക്ഷണം ഗൈഡിന്റെ സേവനം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാഴ്ചകൾക്കപ്പുറം മീശപ്പുലിമലയെ അടുത്തറിയാൻ ട്രക്കിങ്ങിനൊപ്പം പ്രത്യേക പാക്കേജുകളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം പരമാവധി 750 പേർക്കാണ് പ്രവേശനം.