• ‘ഡിസ്ട്രിക്ട് ജഡ്ജി ആണെങ്കിലും ദൈവം നമ്പുരാൻ ആണെങ്കിലും നമ്മുടെ ആളെയല്ലേ നഷ്ടമായിരിക്കുന്നത്’

ചേരാനെല്ലൂരില്‍ കാറിടിച്ചു മരിച്ച സ്കൂട്ടര്‍ യാത്രികന്റെ ബന്ധുക്കള്‍ പൊലീസിനും ജഡ്ജിക്കുമെതിരെ ആരോപണവുമായി രംഗത്ത്. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എഫ്ഐആറില്‍ കൃത്യമായി കാര്യങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ചാണ് ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. തട്ടുകട നടത്തുകയായിരുന്ന ജയബാലകൃഷ്ണന്‍ പുലര്‍ച്ചെ അരിയും സാധനങ്ങളുമായി പോവുന്നതിനിടെയാണ് അപകടമുണ്ടായത്. 

Also Read: കൊച്ചിയിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ജയബാലകൃഷ്ണന്റെ സ്കൂട്ടർ പൂർണമായും തകർന്നു. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് കാർ ഓടിച്ചിരുന്നത്. ജഡ്ജിയുടെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയ ബെന്‍സിന്റെ സെന്ററില്‍ തന്നെ തലയിടിച്ച പാട് കൃത്യമായി കാണാമെന്ന് ജയബാലകൃഷ്ണന്റെ സഹോദരിയുടെ മകൾ ജയലക്ഷ്മി പറയുന്നു. കാര്‍ കിടക്കുന്നതിന്റെ മീറ്ററുകള്‍ അപ്പുറത്താണ് അപകടമുണ്ടായത്. അതായത് അതിവേഗത്തില്‍ വന്ന കാര്‍ തന്റെ അമ്മാവനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്നുള്ളതാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

പൊലീസ് സ്റ്റേഷനിലെത്തി 17കാരനെ കാണണം എന്നു പറഞ്ഞപ്പോള്‍ പൊലീസ് അനുവദിച്ചില്ലെന്നും പിന്നെ പ്രതിയുടെ പിതാവും ജഡ്ജിയുമായ ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ജയലക്ഷ്മി . തുടര്‍ന്ന് പിതാവിനോട് സംസാരിച്ചു,  17കാരന്റെ കയ്യില്‍ കാര്‍ കൊടുത്തുവിടാമോ എന്നു ചോദിച്ചപ്പോള്‍ ‘നിങ്ങളെന്നെ ചോദ്യം ചെയ്യാന്‍ വരണ്ട’ എന്നായിരുന്നു മറുപടിയെന്നും ജയലക്ഷ്മി പറയുന്നു. 

ഡിസ്ട്രിക്ട് ജഡ്ജി ആണെങ്കിലും ദൈവം നമ്പുരാൻ ആണെങ്കിലും നമ്മുടെ ആളെയല്ലേ നഷ്ടമായിരിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. അല്‍പം എളിമയോടെയെങ്കിലും ആ ജഡ്ജി സംസാരിച്ചിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് തോന്നില്ലായിരുന്നുവെന്നും വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയതെന്നും ബന്ധുക്കള്‍ പറയുന്നു.  

സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. അതേസമയം തന്നെ വിവരങ്ങള്‍ ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും പൊലീസുകാര്‍ സ്റ്റേഷനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾ വ്യക്തമാക്കി. അപകടത്തിന്റെ സാഹചര്യങ്ങളും കാർ സംഭവസ്ഥലത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Judge’s 17-Year-Old Son Allegedly Driving Mercedes in Fatal Cheranalloor Crash:

A 17-year-old son of Irinjalakuda Additional District Judge Rino Francis was allegedly driving a Mercedes-Benz that struck and killed Jayabalakrishnan, a scooter rider from Chittoor, in Cheranalloor. The victim’s relatives have accused the police of failing to record crucial details in the FIR and attempting to downplay the incident, while alleging that the judge responded arrogantly when they sought answers. Police have registered a case for negligent and dangerous driving and culpable homicide, and are investigating the circumstances of the crash and the removal of the car from the accident scene. Jayalakshmi, the victim’s niece, has vowed to pursue the case, demanding accountability for her uncle’s death