kalikavu-accident

TOPICS COVERED

കോട്ടയം കുറവിലങ്ങാട് കാളികാവ് ഭാരത് പെട്രോളിയം പമ്പിന് മുന്നിൽ കാറിനും ലോറിയ്ക്കുമിടയിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് പാസ്റ്റർ ജോമോൻ മാത്യുവും ഭാര്യ ബബിതയും.  ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയെ മറികടന്നെത്തിയ കാർ ഇവരുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. ഒരേ റൂട്ടില്‍ ലോറിയും കാറും വന്നതോടെ ഇരുവാഹനത്തിനുമിടയിലൂടെ തലനാരിഴയ്​ക്കാണ് ജോമോനും ബബിതയും രക്ഷപ്പെട്ടത്. 

ഐപിസി സഭയിലെ പാസ്റ്ററായ ജോമോൻ മാത്യുവും ഭാര്യ ബബിതയും അതിരമ്പുഴയില്‍ നിന്നും കുറവിലങ്ങാട്ടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കാളികാവ് ഭാരത് പെട്രോളിയം പമ്പിന് മുന്നിലെത്തിയപ്പോൾ എതിർദിശയിൽ വന്ന ലോറിയെ മറികടന്ന് ഒരു ഇന്നോവ കാർ പെട്ടെന്ന് മുന്നിലേക്ക് കയറിവന്നു. കാർ തങ്ങളുടെ നേർക്ക് വരുന്നത് കണ്ടെങ്കിലും, ഇത്രയും അപകടകരമായ രീതിയിൽ വാഹനം മറികടന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജോമോൻ പറഞ്ഞു.

ആ നിമിഷം തങ്ങളെ ആരോ എടുത്തുമാറ്റിയതുപോലെയാണ് അനുഭവപ്പെട്ടതെന്നും ദൈവത്തിന്റെ സംരക്ഷണമാണ് രക്ഷയ്ക്ക് കാരണമെന്ന് വിശ്വസിക്കുന്നതായും ജോമോൻ പറഞ്ഞു. കാറിന്‍റെ മിറർ പോലും വാഹനത്തിൽ തട്ടിയിരുന്നെങ്കിൽ തങ്ങൾ ലോറിയുടെ അടിയിലേക്ക് വീഴുമായിരുന്നു. ഇത്രയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ഗുരുതരമായ തെറ്റാണെന്നും ഇത്തരം ഡ്രൈവിങ് വലിയ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്നും ജോമോൻ പറഞ്ഞു.

അപകടത്തിന് പിന്നാലെ കാർ മുന്നോട്ടുപോയി ഒരു പോസ്റ്റിലിടിച്ച് കറങ്ങി നിന്നു. തുടർന്ന് കാർ ഒതുക്കിനിർത്തി ഡ്രൈവർ പുറത്തിറങ്ങി. ലോറിയലുണ്ടായിരുന്നവരും  സ്ഥലത്തെത്തി. ഡ്രൈവറുമായി സംസാരിച്ചെന്നും താൻ പാസ്റ്ററാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം മാന്യമായാണ് പെരുമാറിയതെന്നും ജോമോൻ പറഞ്ഞു. സംഭവിച്ചത് തന്‍റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് കാർ ഡ്രൈവർ സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. കാറിനുള്ളിൽ ഡ്രൈവറും ഭാര്യയുമാണ് ഉണ്ടായിരുന്നു. അപകടത്തിൽ ജോമോനും ബബിതയ്ക്കും പരുക്കേൽക്കുകയോ ഇരുചക്രവാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തില്ല. അതിനാൽ പരാതിയുമായി മുന്നോട്ടുപോയില്ലെന്നും ജോമോൻ പറഞ്ഞു.

അപകടത്തിന്റെ ഭീകരത വിവരിക്കുമ്പോൾ ബബിതയുടെ വാക്കുകളിലും ഭയം നിറയുന്നു. കാർ മറികടന്ന് തങ്ങളുടെ നേർക്ക് വരുന്നത് കണ്ടപ്പോൾ ജോമോൻ മുന്നറിയിപ്പ് നൽകിയിരുന്നു. നിമിഷങ്ങൾക്കകം കാർ തൊട്ടുമുന്നിലെത്തിയതോടെ മനസ്സ് പൂർണമായും ശൂന്യമായെന്ന് ബബിത പറഞ്ഞു.

'മരണത്തെ മുഖാമുഖം കണ്ടു. ഞാൻ യേശുവേ എന്ന് വിളിച്ചു. അപ്പോൾ എന്‍റെ കൺമുന്നിൽ തെളിഞ്ഞത് എന്‍റെ കുഞ്ഞിന്‍റെ മുഖമാണ്,' അനുഭവം വിവരിക്കുമ്പോള്‌ ബബിതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പത്താം ക്ലാസിൽ പഠിക്കുകയാണ് മകൻ അബിയേല്‍. രാവിലെ സ്കൂൾ യൂണിഫോം ധരിച്ച് പോയ മകനെ ഇനി കാണാൻ കഴിയുമോ എന്ന ആശങ്കയായിരുന്നു മനസ്സിൽ. അപകടത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയാത്ത സാഹചര്യത്തിൽ, മകനെ അവസാനമായി ഒരിക്കൽ കൂടി കാണാൻ അവസരം നൽകണമെന്ന് ദൈവത്തോട് പ്രാർഥിച്ചെന്നും ബബിത പറഞ്ഞു.

കണ്ണുകൾ ഇറുകെ അടച്ചിരിക്കെ വെടിപൊട്ടുന്നതുപോലുള്ള ശബ്ദമാണ് പിന്നീട് കേട്ടത്. കാർ പോസ്റ്റിലിടിച്ചതിന്റെ ശബ്ദമായിരുന്നു അത്. തങ്ങളെ ആരോ എടുത്തുമാറ്റിയതുപോലെ അനുഭവപ്പെട്ടെന്നും ഇത്രയും വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് ദൈവത്തിന്റെ കരുതലാണെന്നും ബബിത പറഞ്ഞു. അപകടവിവരം അറിഞ്ഞതുമുതൽ നിരവധി പേർ വിളിച്ച് അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അവരോടെല്ലാം നന്ദിയുണ്ടെന്നും ദമ്പതികൾ പറഞ്ഞു.

കാളികാവിൽ സീബ്രാ ക്രോസിങ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ അമിതവേഗത്തിൽ സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ജോമോൻ ചൂണ്ടിക്കാട്ടി. റോഡുകളുടെ അശാസ്ത്രീയമായ നിർമാണവും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അപകടകരമായ ഡ്രൈവിങ്ങിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന വാഹനാപകടവും അതിന്റെ ഭീകരതയും ഓർമിപ്പിച്ച ജോമോൻ, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയന്ത്രണങ്ങളും ബോധവൽക്കരണവും ആവശ്യമാണെന്നും പറഞ്ഞു.

ENGLISH SUMMARY:

Pastor Jomon Mathew and his wife Babitha miraculously escaped death after being trapped between a speeding car and a lorry in Kuravilangad, Kottayam. While traveling on a two-wheeler, an Innova car overtaking a lorry from the opposite direction suddenly veered directly toward them. Though the vehicle narrowly missed them before crashing into a nearby electric pole, the couple sustained no injuries. Reflecting on the harrowing ordeal, the couple expressed immense gratitude for their survival and urged authorities to take strict action against reckless driving.