എസ്എംഎ രോഗം ബാധിച്ച കുട്ടികള്‍ക്ക് ഇന്ത്യന്‍ നിര്‍മിത മരുന്ന് നല്കാന് മടിക്കണ്ടെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചുപറയുമ്പോഴും ആശങ്ക മാറാതെ രക്ഷിതാക്കള്‍. ആരോഗ്യവകുപ്പ് നല്കിയ മരുന്ന് ഇപ്പോഴും കുട്ടികള്‍ക്ക് കൊടുക്കാന്‍ രക്ഷിതാക്കള്‍ തയാറായിട്ടില്ല. കൃത്യമായ പഠനം നടത്തിയിട്ടുമതി ഇത് നല്‍കുന്നതെന്നാണ് ഇവരുടെ തീരുമാനം. ഇത് കോഴിക്കോട് ഇയ്യാട് സ്വദേശിയായ നാലരവയസുകാരന് അയ്ഷ മെഹ്സിന്.
നാലരവര്‍ഷമായി എസ്എംഎ രോഗത്തിന് ചികില്‍സയിലാണ്. സര്‍ക്കാര്‍ നല്കുന്ന 15 ലക്ഷത്തോളം രൂപ വിലയുള്ള വിദേശ നിര്‍മിത മരുന്ന് കഴിച്ചാണ് മെഹ്സിന് ആരോഗ്യസ്ഥിതിയില്‍ ഇത്രത്തോളം പുരോഗതിയുണ്ടായത്. മരുന്ന് മാറ്റി നല്കാന് സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോള്‍ രക്ഷിതാക്കളുടെ ആശങ്കയും വര്‍ധിക്കുകയാണ്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പുതിയ എസ്എംഎ മരുന്ന് കിട്ടിയത്.
തിങ്കളാഴ്ച്ച മരുന്ന് തിരിച്ചു നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ തിരികെ നല്‍കേണ്ടതില്ലെന്നും അതുതന്നെ ഉപയോഗിക്കാമെന്നും പിന്നീട് സന്ദേശം വന്നു. എന്നാല്‍ വ്യക്തമായ ഉറപ്പ് കിട്ടിയതിനുശേഷം മാത്രം പുതിയ മരുന്ന് നല്കിയാല് മതിയെന്ന തീരുമാനത്തിലാണ് ഇവര്‍. കുട്ടികളെ വെച്ച് മരുന്ന് പരീക്ഷിക്കാന്‍ നില്‍ക്കരുതെന്നാണ് ആരോഗ്യവകുപ്പിനോട് ഫ്സനയെപ്പോലുള്ള രക്ഷിതാക്കളുടെ അഭ്യര്‍ഥന.