കോവളം സ്പാ പീഡനക്കേസിൽ തമിഴ്നാട് പോലീസും അന്വേഷണം തുടങ്ങി. തമിഴ്നാട്ടിലെ സ്പായിൽ എത്തിച്ചും പീഡിപ്പിച്ചു എന്ന മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. അതിനിടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ സുഹൃത്തായ മറ്റൊരു സ്ത്രീക്കും പീഡനത്തിൽ പങ്കെന്ന സൂചന അന്വേഷണസംഘത്തിന് ലഭിച്ചു. കോവളത്തെ സ്പായിൽ പെൺകുട്ടിയെ എത്തിച്ചത് ജൂലൈ 25നാണ്. അതിനുമുമ്പ് ഏപ്രിൽ മെയ് മാസങ്ങളിലായി ചെന്നൈക്ക് സമീപമുള്ള ഗുടുവാഞ്ചേരി എന്ന സ്ഥലത്തെ സ്പായിൽ എത്തിച്ചും ലൈംഗികമായി ഉപദ്രവിച്ച എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
ഇതിൽ പ്രത്യേകം കേസടുത്ത കോവളം പോലീസ് വിവരം തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ കേസെടുത്ത കുടുവാൻ ചേരി പോലീസ് തിരുവനന്തപുരത്ത് എത്തി. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം വിശദ അന്വേഷണത്തിലേക്ക് കടക്കും. പെൺകുട്ടിയെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ കൂടുതൽ ഇടനിലക്കാർ ഉണ്ടോ എന്നതിൽ തമിഴ്നാട് പോലീസിന്റെ അന്വേഷണം നിർണായകമാകും. അതേസമയം കോവളം പോലീസ് എടുത്ത കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം എ സി പി ചന്ദ്രകുമാറിന് കൈമാറി.
കൂടുതൽ വിവരങ്ങൾ തേടി അന്വേഷണസംഘം പെൺകുട്ടിയുടെ നാടായ ആന്ധ്രയിലേക്ക് തിരിക്കും. അതോടൊപ്പം കേസിന്റെ സൂത്രധാരൻ എന്ന് കരുതുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ പെൺ സുഹൃത്തിനും പീഡനത്തിൽ പങ്കുണ്ടെന്ന് സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. കൂടുതൽ തെളിവ് ലഭിച്ചാൽ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.