പുസ്തകങ്ങളോട് ചങ്ങാത്തം കൂടി വായനയുടെ ലോകത്തേക്ക്. ഗാന്ധിജയന്തി ദിനത്തിൽ തുടക്കമിട്ട വായനാമൃതം പദ്ധതിയിലൂടെ പുതിയ വായനാശീലം വളർത്തുകയാണ് കാസർകോട് അച്ചാംതുരുത്തി രാജാസ് യു.പി സ്കൂൾ. പത്ത് വായനശാലകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ഇതിനോടകം തന്നെ ശ്രദ്ധേയമാകുകയാണ് . സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വായനശാലകളിൽ അംഗത്വം. അച്ചാംതുരുത്തി രാജാസ് യു.പി സ്കൂളിന്റെ വായനാമൃതം പദ്ധതിയുടെ ആദ്യനേട്ടം ഇതാണ്.
സ്കൂളിൽ നിന്നും വായനശാലകളിൽ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കാം. വായനക്കുറിപ്പുകൾ തയ്യാറാക്കാം. മികച്ച കുറിപ്പുകൾക്ക് ഓരോ മാസവും സമ്മാനങ്ങളും ലഭിക്കും. അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തി അമ്മവായന, കുഞ്ഞുവായന പദ്ധതിയും സജീവമാണ്. വായനാക്കുറിപ്പുകളുടെ ഡിജിറ്റൽ മാഗസിൻ, വായനാ ക്വിസ്, പുസ്തകപരിചയ വീഡിയോകൾ അങ്ങനെ വായനയെ കൂടുതൽ ആകർഷകമാക്കാൻ ഒട്ടേറെ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നു.
മാർച്ച് 31 വരെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും മികച്ച വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് ആയിരം രൂപയുടെ വായനാപ്രതിഭാ സ്കോളർഷിപ്പും നൽകാൻ ആണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഇതുവഴി വായനശാലകൾ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് അച്ചാംതുരുത്തി രാജാസ് യു.പി സ്കൂളിലെ വായനാമൃതം.