പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും കുട്ടികളുടെ കാഴ്ചപരിശോധിക്കുന്ന പദ്ധതിയുമായി പത്തനംതിട്ട റാന്നി പഴവങ്ങാടി പഞ്ചായത്ത്. കാഴ്ചയ്ക്ക് പ്രശ്നമുണ്ടെങ്കിൽ മരുന്നും, കണ്ണടയും പഞ്ചായത്ത് നൽകും. 'മിഴി' എന്നാണ് പഞ്ചായത്തിന്റെ പദ്ധതിയുടെ പേര്. പഴവങ്ങാടി പഞ്ചായത്തിൽ 12 സ്കൂളുകളുണ്ട്. എല്ലാ സ്കൂളുകളിലേയും എൽപി, യുപി വിദ്യാർഥികളുടെ കാഴ്ചാ പരിശോധനയാണ് പദ്ധതി. മൊബൈൽ ഫോൺ ഉപയോഗം കൂടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ആലോചിച്ചത്.
ആദ്യഘട്ടത്തിൽ എല്ലാ സ്കൂളുകളിലും കാഴ്ചയുടേയും കണ്ണിന്റേയും പ്രാധാന്യത്തെക്കുറിച്ചുള്ള ബോധ വൽക്കരണ ക്ലാസുകൾ. കണ്ണിന്റെ അടക്കം ആരോഗ്യം സൂക്ഷിക്കുനുള്ള മാർഗ നിർദേശങ്ങൾ നൽകും. രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകും. കൃത്യമായ ഇടവേളകളിൽ അധ്യാപകരെ ഉപയോഗിച്ച് സ്കൂളിൽ തന്നെ കാഴ്ച പരിശോധിക്കും. കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്ന് തോന്നിയാൽ കൂടുതൽ വിദഗ്ധ പരിശോധന. അധ്യാപകർ മുഖേന രക്ഷിതാക്കളെ അറിയിക്കും. തുടർന കൂടുതൽ സൗകര്യമുള്ള സ്ഥാപനങ്ങളിൽ ആയിരിക്കും പരിശോധന. കണ്ണാശുപത്രികളിൽ ആധുനിക ഉപകരണങ്ങളുടെ അടക്കം സഹായത്തോടെ കാഴ്ച പരിശോധിക്കും. ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം തേടും. മരുന്നു വേണമെങ്കിൽ മരുന്ന്. കണ്ണടയെങ്കിൽ കണ്ണട. അതും പഞ്ചായത്ത് നൽകും. റാന്നി എസ്.സി. സ്കൂളിൽ നിന്ന് പരിശോധനയ്ക്ക് തുടക്കമായി. പഞ്ചായത്തിൻറെ തനത് ഫണ്ടിൽ നിന്നാണ് മിഴി പദ്ധതിക്ക് തുക വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ അയ്യായിരത്തിലധികം കുട്ടികൾക്ക് ഉപകാരപ്രദമായ പദ്ധതിയാണ്. ഇതിലേക്ക് കൂടുതൽ തുക കണ്ടെത്താനാണ് പഞ്ചായത്തിൻറെ ശ്രമം.