mmtv-vidyarambham

മലയാള മനോരമയുടെ അക്ഷരമുറ്റത്ത് വിദ്യാരംഭം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ ആളുകളാണ് കുട്ടികളെ ആദ്യാക്ഷരം എഴുതിപ്പിച്ചത്. കേരളത്തിലെ എല്ലാ യൂണിറ്റുകള്‍ക്കും പുറമെ ദുബായിലും ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ യൂണിറ്റുകളിലും ഒട്ടേറ കുരുന്നുകള്‍ അറിവിന്‍റെ ഹരിശ്രീ കുറിച്ചു. രാവിലെ 6.30 ന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു കൈമാറിയ ദീപം ഗുരുക്കന്മാർ വിളക്കിലേക്ക് പകർന്ന് ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. 

തിരുവനന്തപുരം യൂണിറ്റിൽ സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാരന്‍ ജോർജ് ഓണക്കൂർ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ഡോക്‌ടർ അദീല അബ്ദുല്ല, മജീഷ്യന്‍ ഗോപിനാഥ് മുതുക്കാട് തുടങ്ങിയവരായിരുന്നു ഗുരുക്കന്‍മാര്‍. കൊല്ലത്ത് താന്ത്രിക ആചാര്യൻ നീലിമന വി ആർ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ശാസ്ത്രജ്ഞനായ ഡോ. എ അജയഘോഷ്, എഴുത്തുകാരനും, നടനുമായ മധുപാൽ തുടങ്ങിയവര്‍ ‌ആദ്യാക്ഷരം എഴുതിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാലിന്‍റെ പ്രാർത്ഥനഗാനത്തോടെയായിരുന്നു ആലപ്പുഴ യൂണിറ്റിെല ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. റോ മുൻ മേധാവി പി കെ ഹോർമിസ് തരകൻ, കിഫ്ബി അഡീഷണൽ CEO മിനി ആന്റണി, കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ തുടങ്ങിയവര്‍ ഗുരുക്കന്മാരായി. പത്തനംതിട്ടയില്‍  സംവിധായകൻ ബ്ലെസി, ഗാന നിരൂപകന്‍ സജീവ് ഏവൂരേത്ത് തുടങ്ങിയവര്‍ ആദ്യാരം എഴുതിപ്പിച്ചു. മലയാള മനോരമ കൊച്ചി യൂണിറ്റില്‍ സംഗീതജ്ഞന്‍ ഡോ. ശ്രീവല്‍സന്‍ ജെ. മനോന്‍ പ്രാര്‍ഥനാഗാനം ആലപിച്ചു. എഡിജിപി പി വിജയൻ, നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി തുടങ്ങിയരായിരുന്നു ഗുരുക്കന്‍മാര്‍. കലക്ടര്‍ ശിഖ  സുരേന്ദ്രൻ  കീർത്തനം പാടി, പെരുവനം കുട്ടന്മാരാർ ഘടം വായിച്ചായിരുന്നു തൃശൂരിലെ ച‍ടങ്ങുകള്‍. എഴുത്തുകാരായ ആഷാ മേനോന്‍, ടി.കെ.ശങ്കരനാരായണന്‍, പ്രൊഫ. സി.പി. ചിത്ര തുടങ്ങിയവര്‍ മലയാള മനോരമ പാലക്കാട് യൂണിറ്റില്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. 

കോഴിക്കോട് യൂണിറ്റില്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്‍പറ്റ നാരായണ്‍, കോഴിക്കോട് കമ്മീഷണര്‍ എപി ഷൗക്കത്തലി തുടങ്ങിയവര്‍  ആദ്യാക്ഷരം എഴുതിച്ചു. മലപ്പുറം യൂണിറ്റിൽ കാലിക്കറ്റ് സർവകലാശാല വി സി പി. രവീന്ദ്രൻ, കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. കെ. മുരളീധരൻ തുടങ്ങിയവര്‍ ആദ്യാക്ഷരം എഴുതിച്ചു. കണ്ണൂര്‍ യൂണിറ്റില്‍ എഴുത്തുകാരായ ടി. പത്മനാഭന്‍, എം മുകുന്ദന്‍, സി.വി ബാലകൃഷ്ണന്‍ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. ദുബായിൽ സംഘടിപ്പിച്ച വിദ്യാരംഭം ചടങ്ങിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി നൂറ്റമ്പതിലേറെ കുരുന്നുകള്‍ ഹരിശ്രീ കുറിക്കാനെത്തി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഢി, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവരായിരുന്നു ഗുരുക്കന്‍മാര്‍. 

കേന്ദ്ര ടൂറിസം മന്ത്രാലയ ജോയിന്റ് സെക്രട്ടറി എസ്. ഹരികിഷോർ ഐഎഎസ് മലയാള മനോരമ ഡല്‍ഹി യൂണിറ്റില്‍ ആദ്യാക്ഷരം എഴുതിച്ചു. കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ബെംഗളൂരുവിൽ മലയാള മനോരമയില്‍ ആദ്യാക്ഷരം കുറിച്ചു. എഴുത്തുകാരി അനിത നായർ, മുതിർന്ന മാധ്യമപ്രവർത്തകൻ എ.വി.എസ്.നമ്പൂതിരി എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. മലയാള മനോരമ ചെന്നൈ യൂണിറ്റില്‍ സംവിധായകൻ ശരത്തും ഹൃദ്രോഗ വിദഗ്ധൻ വി.വി ബാഷിയും കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. ഡോ. ജയിംസ് തോമസ്, പ്രഫസര്‍ ജി.വി.ശ്രീകുമാർ എന്നിവരാണ്  മുംബൈ യൂണിറ്റില്‍ ആദ്യാക്ഷരം എഴുതിച്ചത്. എല്ലാ കുട്ടികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റും ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News covers the grand Vidyarambham ceremony where thousands of children began their learning journey across various units. Eminent personalities from diverse fields guided the little ones in writing their first letters during this auspicious event.