പോലീസ് എന്നാല്‍ കർക്കശമായ നിയമങ്ങളും മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള വലിപ്പച്ചെറുപ്പങ്ങളുമൊക്കെയാണ് സാധാരണക്കാരുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുക. എന്നാൽ, ആ പരമ്പരാഗത കാഴ്ച്ചപ്പാടുകളെ മുഴുവൻ മാറ്റിമറിച്ചുകൊണ്ട് ഒരു ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. എ.ഡി.ജി.പി പി.വിജയൻ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവുമാണ് മലയാളി മനസ്സ് കീഴടക്കുന്നത്.
സഹപ്രവർത്തകനായ ദിനൂപിന്റെ യൂണിഫോമിൽ പുഞ്ചിരിയോടെ ബാഡ്ജ് ചാർത്തി നൽകുന്ന ചിത്രമാണ് വിജയൻ ഐ.പി.എസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ അതിനേക്കാളേറെ ജനങ്ങളുടെ ഹൃദയം തൊട്ടത് ആ ചിത്രത്തിന് അദ്ദേഹം നൽകിയ ലളിതമായ അടിക്കുറിപ്പായിരുന്നു: ‘വിത്ത് മൈ ബഡ്ഡി, ശ്രീ ദിനൂപ്’ ('With my buddy, Sri Dinoop').
പി.വിജയനൊപ്പം വര്‍ഷങ്ങളായി പി.എസ്.ഒ ആയി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറാണ് ദിനൂപ്. തൊടുപുഴ സ്വദേശിയാണ്. എ.ഡി.ജി.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥൻ, സേനയിലെ കീഴുദ്യോഗസ്ഥനെ 'സഹപ്രവർത്തകൻ' എന്നതിനപ്പുറം സ്വന്തം 'കൂട്ടുകാരൻ' (ബഡ്ഡി) എന്ന് വിശേഷിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. അധികാരത്തിന്റെ യാതൊരുവിധ ഭാരവുമില്ലാത്ത, ലാളിത്യം നിറഞ്ഞ ആ മനസ്സിനെയാണ് കമന്റ് ബോക്സിൽ മലയാളികൾ ഒന്നടങ്കം വാഴ്ത്തുന്നത്.
പോസ്റ്റ് പുറത്തുവന്ന നിമിഷം മുതൽ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് കമന്റ് ബോക്സിൽ. ലിപിൻ രാജ് എന്ന വ്യക്തി കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമായി: ‘മേലുദ്യോഗസ്ഥന്റെ ചിരിക്കുന്ന മുഖമാണ് കൂടെയുള്ളവരുടെ പോസിറ്റീവ് എനർജി... So Happy to see that unconditional love sir’.
‘ദാറ്റ് 'മൈ ബഡ്ഡി' സ്പീക്സ് വോള്യംസ്...’ എന്നാണ് രാമചന്ദ്രൻ നായർ എന്നയാൾ അഭിപ്രായപ്പെട്ടത്. കേരള പോലീസിലെ പുതിയ മാറ്റത്തിന്റെ മുഖമാണ് ഇതെന്നും, സ്വന്തം സഹപ്രവർത്തകരെ ചേർത്തുനിർത്തുന്ന ഇത്തരം ഉദ്യോഗസ്ഥരാണ് സേനയുടെ യഥാർത്ഥ മാതൃകയെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെടുന്നു. ദിനൂപിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിതെന്നും, 2008-ലെ എൻ.സി.സി ആർ.ഡി ക്യാംപ് കാലംതൊട്ടേ കാണുന്ന അതേ ഊർജ്ജം ഇന്നും ദിനൂപിൽ കാണാനായതിൽ സന്തോഷമുണ്ടെന്നും സുഹൃത്തുക്കൾ കമന്റുകളിൽ കുറിക്കുന്നുണ്ട്.
‘ഭയപ്പെടുത്തുന്നതല്ല, ചേർത്തുനിർത്തുന്നതാണ് നേതൃത്വം’
യഥാർത്ഥ നേതൃത്വം എന്നത് അധികാരം കാണിച്ച് ഭയപ്പെടുത്തലല്ല, മറിച്ച് കൂടെയുള്ളവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ചേർത്തുപിടിക്കലാണെന്ന് ഈ ഒറ്റ ചിത്രം ഓർമ്മിപ്പിക്കുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. താഴെത്തട്ടിലുള്ള ജീവനക്കാരുടെ ആത്മാർത്ഥതയെയും കഠിനാധ്വാനത്തെയും തിരിച്ചറിഞ്ഞ് അവർക്ക് പ്രചോദനം നൽകുന്ന ഒരു മേലുദ്യോഗസ്ഥനെക്കാൾ വലുതായി എന്താണ് ഒരു സേനയ്ക്ക് വേണ്ടത് എന്നും ചോദിക്കുന്നവരുണ്ട്.
കാക്കിക്ക് പിന്നിലെ മനുഷ്യത്വവും ഈഗോയില്ലാത്ത വലിയ മനസ്സും വീണ്ടും തെളിയിക്കുന്ന ഈ 'ബഡ്ഡി മൊമെന്റ്' സോഷ്യൽ മീഡിയയിൽ ഇപ്പോഴും ആയിരക്കണക്കിന് ആളുകളാണ് ലൈക്കുകളോടെയും ഷെയറുകളോടെയും ആഘോഷിക്കുന്നത്.