• 12 കിലോ ശരീരഭാരം ഉണ്ടാകേണ്ടിയിരുന്ന കുട്ടിക്ക് മരണസമയത്ത് വെറും 7 കിലോ മാത്രമാണുണ്ടായിരുന്നുള്ളൂ.

ഹരിപ്പാട് കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരന്‍ രാഹുലിന്‍റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 12 കിലോ ശരീരഭാഗം വേണ്ടിടിത്ത് രാഹുലിനുണ്ടായിരുന്നത് ഏഴു കിലോ മാത്രമായിരുന്നു. ഭക്ഷണമോ പരിചരണമോ ഇല്ലാതെ രാഹുല്‍ മരണപ്പെടുമ്പോള്‍ അമ്മ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മഹാദേവികാട് മാതുകുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് പോഷകാഹാരത്തിന്റെ കുറവു കാരണം മരണപ്പെട്ടത്. 

Also Read: ശരീരത്തിന് 7 കിലോ ഭാരം മാത്രം; രണ്ടുവയസ്സുകാരൻ മരിച്ചത് പോഷകാഹാര കുറവിനെത്തുടര്‍ന്ന്

ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് രാഹുല്‍. താരയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതോടെ അച്ഛനായിരുന്നു കുട്ടിയുടെ പരിചരണം. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് പിതാവ് രാജേഷ് കുട്ടിയെ അനക്കമറ്റു കിടന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി കണ്ടെത്തുകയായിരുന്നു. പട്ടിണി മരണമെന്ന സംശയത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. 

കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ചയാണ് താരയെ പ്രസവവേദനയെ തുടര്‍ന്ന് ആശാ പ്രവര്‍ത്തകര്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 

Also Read: എല്ലാം നിയമപരമായി നടക്കട്ടെ; ഞങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളെ പിന്തുണയ്ക്കും: സുഹൈലിന്‍റെ മാതാവ്

വൃത്തിഹീനമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന കുട്ടികളെയും അമ്മയെയും നേരത്തെ ഗാന്ധി ഭവനിലേക്ക് മാറ്റിയിരുന്നെങ്കിലും പിന്നീട് അമ്മയുടെ ആവശ്യ പ്രകാരം വീട്ടിലേക്ക് അയക്കുകയായിരുന്നു. മുൻപും ഇവരുടെ ഒരാൺകുഞ്ഞ് മരിച്ചിരുന്നു. കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെത്തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം. 

രണ്ട് വയസുകാരന്റെ പോഷകാഹാര കുറവിൽ ജാഗ്രത കുറവ് ഉണ്ടായോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തും. കുട്ടിയുടെ മരണത്തിന് പിന്നാലെ നാല് പെണ്‍കുട്ടികളുടെയും സംരക്ഷണവകാശം ഏറ്റെടുത്ത ശിശുക്ഷേമ വകുപ്പ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ENGLISH SUMMARY:

A two-year-old boy named Rahul died in Karthikappally, Haripad, due to severe malnutrition and extreme weight loss, weighing only seven kilograms instead of the required twelve. While the child tragically passed away under inadequate care and lack of food, his mother, Tara, was giving birth to her seventh child at the Vandanam Medical College. Local authorities and police revealed that the family lived in unhygienic conditions, and another of their sons had also died previously under questionable circumstances. Following the incident, the Child Welfare Committee intervened and shifted the couple's remaining four daughters to a safe location as a comprehensive investigation into potential administrative and parental negligence gets underway.