• ഓട്ടോ ഡ്രൈവറായ രാജേഷോ,താരയോ കുട്ടികളെ നോക്കിയിരുന്നില്ലെന്നും ഭക്ഷണം നല്‍കില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഐസി‍ഡിഎസ് പ്രവര്‍ത്തകര്‍ കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഓര്‍ഡറുമായി എത്തിയപ്പോള്‍ താര ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും പഞ്ചായത്തംഗം

കാര്‍ത്തികപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മുന്‍പ് താമസിച്ച സ്ഥലത്ത് കാവിന്‍റെ ദോഷമുണ്ടെന്നും ഇതിന്‍റെ ഫലമായി കുടുംബത്തില്‍ മരണം സംഭവിക്കുമെന്നും ജ്യോത്സ്യന്‍ പറഞ്ഞിരുന്നുവെന്നും ഇതാണ് രാഹുലിന്‍റെ മരണത്തിന്‍റെ കാരണമെന്നുമാണ് പിതാവ് രാജേഷിന്‍റെ വാദം. രണ്ടു വയസുകാരനായ കുട്ടി ഒന്നും കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും രാജേഷ് അവകാശപ്പെടുന്നു. രാജേഷ്–താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായിരുന്നു മരിച്ച രാഹുല്‍. സഹോദരിമാരും കഴിഞ്ഞ ദിവസം ജനിച്ച നവജാതശിശുവും അടക്കം അഞ്ചുപേരാണ് ഇനി ശേഷിക്കുന്നത്. ഇവരുടെ ഒരു കുഞ്ഞ് നേരത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. കയ്യില്‍ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു അന്ന് താര പറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. മരണമോ, സംസ്കാരമോ അറിയിച്ചിരുന്നില്ലെന്നും എല്ലാം രഹസ്യമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. Also Read: ആഹാരമില്ല; ശരീര ഭാരം ഏഴുകിലോ മാത്രം! രാഹുല്‍ മരിക്കുമ്പോള്‍ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി അമ്മ

ഓട്ടോ ഡ്രൈവറായ രാജേഷോ,താരയോ കുട്ടികളെ നോക്കിയിരുന്നില്ലെന്നും ഭക്ഷണം നല്‍കില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഐസി‍ഡിഎസ് പ്രവര്‍ത്തകരെത്തി കുട്ടികളെ നേരത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഓര്‍ഡറുമായി എത്തിയപ്പോള്‍ താര ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും പഞ്ചായത്തംഗം വെളിപ്പെടുത്തി. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റോ, വാക്സീന്‍ കൊടുത്തതിന്റെയോ അടക്കം ഒരു രേഖകളും മാതാപിതാക്കളുടെ കൈവശം ഇല്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധിത്തവണ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഇടപെട്ടുവെന്നും എന്നാല്‍ കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഇരുവരും സമ്മതിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഈ മാസം ആറിന് ശിശുക്ഷേമ സമിതിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ ഇവരുടെ വാഹനത്തിന് മുന്നിലേക്ക് പൂര്‍ണഗര്‍ഭിണിയായിരുന്ന താര കയറിക്കിടന്നുവെന്നും നാട്ടുകാര്‍ പറയുന്നു. 

കുട്ടികളെ ഇന്നലെ ശിശുക്ഷേമ സമിതിയില്‍ നിന്നും ഉദ്യോഗസ്ഥരെത്തി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ഇനി മാതാപിതാക്കള്‍ക്ക് തിരികെ കൊടുക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. മരിച്ചു പോയ രാഹുലിനെ മാതാപിതാക്കള്‍ ഒരുതരത്തിലും പരിചരിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്തിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. മൂത്ത പെണ്‍കുട്ടികളാണ് രാഹുലിനെ എടുത്തുകൊണ്ട് നടന്നിരുന്നത്. വൈകിട്ട് രാജേഷ് എത്തി ഒരു കവര്‍ പാല്‍ നീട്ടിക്കാച്ചി മൂത്തകുട്ടികളുടെ കയ്യില്‍ നല്‍കുമെന്നും അതാണ് പലപ്പോഴും അവരുടെ ആകെ ഭക്ഷണമെന്നും അയല്‍വാസികള്‍ പറയുന്നു. 

മുന്‍പ് ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് വച്ചും കുട്ടികളെ നോക്കാതെ ആയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട്  പത്തനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റിയിരുന്നു. അവിടെ എത്തിയതോടെ താര, രാജേഷിനടുത്തേക്ക് മടങ്ങിപ്പോകണമെന്ന് വാശി പിടിച്ചുവെന്നും രാജേഷും ഗാന്ധിഭവനില്‍ അടിക്കടി എത്തിയിരുന്നുവെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി. ഒടുവില്‍ കുട്ടികളുമായി താര ഇവിടെ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. 

ENGLISH SUMMARY:

The death of two-year-old Rahul in Karthikappally, allegedly due to malnutrition, has raised serious concerns, with his father, Rajesh, claiming that an astrologer had predicted a death in the family because of a supposed defect associated with a sacred grove. Neighbours allege that the parents neglected their children, failed to provide adequate food and care, and that another child had previously died under suspicious circumstances. Local residents and child welfare workers reportedly made repeated attempts to move the children to a safe environment, but the parents allegedly resisted these efforts. Child welfare officials have now shifted the surviving children to a protective facility, while residents are demanding that they not be returned to their parents.