Image: വിഡിയോയില് നിന്നുള്ള ചിത്രം
അർധരാത്രി പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും രക്ഷിച്ച് പൊലീസ്. പെരിന്തൽമണ്ണ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലത്തിനു മുകളിൽനിന്ന് ചാടാൻ നിന്ന യുവതിയെ പിന്തിരിപ്പിച്ച് സുരക്ഷിതമായി മടക്കിയയച്ചത്. രാത്രിയിലെ പട്രോളിങ്ങിനിടെയാണ് പൊലീസ് സംഘം മൂന്നുപേരെയും കണ്ടത്.യുവതിയെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി വാടക ക്വാർട്ടേഴ്സിൽ തിരികെയെത്തിച്ച ശേഷമാണ് പൊലീസ് മടങ്ങിയത്.
Also Read: പുതിയ ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ചു; ഒരാള് മരിച്ചു, നൂറോളം പേര്ക്ക് മഞ്ഞപ്പിത്തം
മുന്നോട്ടിനി ജീവിതമില്ലെന്ന് ചിന്തിച്ചിട്ടാകാം ആ യുവതി രണ്ടു കുഞ്ഞുങ്ങളുമായി അർധരാത്രി പാലത്തിനു മുകളിലെത്തിയത്. പറക്കമുറ്റാത്ത ഒരു ആൺകുഞ്ഞും പെൺകുഞ്ഞും. പെൺകുഞ്ഞിനെ യുവതി കയ്യിലെടുത്തിട്ടുണ്ട്. ഇടയ്ക്ക് ആൺകുഞ്ഞും ഉമ്മയെടുക്കണമെന്ന് വാശിപിടിക്കുന്നു. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്.
Also Read: കുടുംബത്തിന് ബാധ്യതയാകാനില്ല; മകനും ഭാര്യയും ക്ഷേത്രത്തിൽ പോയ സമയം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയില്
ഭർത്താവുമായി അകന്നുകഴിയുന്നതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കുഞ്ഞുങ്ങളുമായി അടുപ്പം സ്ഥാപിച്ചാണ് യുവതിയുടെ മനസ്സ് മാറ്റാൻ പൊലീസ് ശ്രമിച്ചത്. പൊലീസ് വാഹനത്തിൽ കയറാനായി പലതവണ പറഞ്ഞിട്ടും യുവതി കൂട്ടാക്കിയില്ല. ഏറെ നിർബന്ധിച്ചപ്പോഴാണ് പാതിമനസ്സോടെ സമ്മതിച്ചത്.അപ്പോഴും ആ യുവതിയുടെ മുഖത്ത് വേദനയും ആശങ്കയും നിഴലിച്ചുനിന്നിരുന്നു.
ക്വാർട്ടേഴ്സിൽ ആരുണ്ടെന്ന ചോദ്യത്തിന് ആരുമില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഒടുവിൽ ജീപ്പിൽ ക്വാർട്ടേഴ്സിലേക്ക് മടങ്ങാമെന്ന് യുവതി സമ്മതിച്ചു. എന്നാൽ, ഒരു കുഞ്ഞിന് ഓട്ടോറിക്ഷ വേണം. ഈ രാത്രിയിൽ എവിടെനിന്ന് ഓട്ടോറിക്ഷ കിട്ടാനാണെന്ന് ചോദിച്ച പൊലീസ്, “നമുക്ക് മാമന്റെ ജീപ്പിൽ പോകാം” എന്നു പറഞ്ഞു. വേണ്ടെന്ന് കുഞ്ഞും വാശിപിടിച്ചു. അപ്പോൾ മൊബൈൽ തരാമെന്നും ഗെയിം കളിക്കാമെന്നും പാട്ടുകേട്ട് യാത്ര ചെയ്യാമെന്നും പറഞ്ഞ് പൊലീസുകാർ അവനെ മയപ്പെടുത്താൻ തുടങ്ങി.
ഈ വഴിയിൽ വലിയൊരു പാമ്പുണ്ടെന്നും നിറയെ പല്ലുകളും മൂന്ന് നാക്കുകളുമുള്ള പാമ്പാണെന്നും പറഞ്ഞ് പൊലീസ് കുഞ്ഞിനെ വണ്ടിയിൽ കയറാൻ പ്രേരിപ്പിച്ചു. ആ പാമ്പിനെ താനും കണ്ടിട്ടുണ്ടെന്നായിരുന്നു അവന്റെ നിഷ്കളങ്കമായ മറുപടി. ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോൾ കഞ്ഞി കുടിച്ചെന്നായിരുന്നു ആൺകുഞ്ഞിന്റെ മറുപടി. കഞ്ഞി എങ്ങനെയാണ് കഴിച്ചത്, മീൻ ഉണ്ടായിരുന്നോ എന്ന അടുത്ത ചോദ്യത്തിന് പല്ലുകൊണ്ട് കഴിച്ചെന്നായിരുന്നു പ്രതികരണം.
ഒടുവിൽ ഡോറ ബുജിയെ കാണാമെന്ന ഉറപ്പിന്മേൽ അവനും ഉമ്മയും കുഞ്ഞനുജത്തിയും പൊലീസ് ജീപ്പിൽ കയറി. അവരെ നേരെ താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തിച്ചു. പെരിന്തൽമണ്ണ സിഐയുടെയും സംഘത്തിന്റെയും ഇടപെടലിലൂടെ അങ്ങനെ ആ ഉമ്മയും രണ്ടു കുഞ്ഞുങ്ങളും ഇന്ന് നമ്മളോടൊപ്പമുണ്ട്.